സ്വന്തം ലേഖകൻ: മൂന്നാം പാദത്തില്‍ യുകെ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയില്‍ എത്തിയതോടെ നികുതികള്‍ വെട്ടിക്കുറച്ച് ശക്തി പകരണമെന്ന് ചാന്‍സലര്‍ക്ക് മുന്നില്‍ മുറവിളി ശക്തം. പണപ്പെരുപ്പം കുറഞ്ഞ ശേഷം പരിഗണിക്കാമെന്ന നിലപാട് ടോറി പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
എന്നാല്‍ പണപ്പെരുപ്പം നേരിടാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ചാന്‍സലര്‍ ആവര്‍ത്തിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളില്‍ ജിഡിപി സ്തംഭിക്കുന്ന നിലയില്‍ എത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓട്ടം സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ജെറമി ഹണ്ട് നിക്ഷേപത്തിന് ഉത്തേജനം പകരുമെന്ന് സൂചന നല്‍കുന്നുണ്ട്. വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
വര്‍ഷത്തിന്റെ തുടക്കത്തില്‍ യുകെ സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നതായി ഹണ്ട് ചൂണ്ടിക്കാണിക്കുന്നു. ‘പണപ്പെരുപ്പത്തിന് ഊര്‍ജ്ജം പകരുന്ന നികുതി വെട്ടിക്കുറയ്ക്കല്‍ തള്ളിക്കളയാം. ഇത് ചെയ്താല്‍ തെറ്റായി മാറും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക ഭാരം മുന്‍നിര്‍ത്തി നടപടി വേണമെന്ന് ടോറി എംപിമാര്‍ പോലും ആവശ്യപ്പെടുമ്പോഴാണ് നിലപാട് മാറ്റില്ലെന്ന് ചാന്‍സലര്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ മാസത്തില്‍ 0.2 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നത് മാത്രമാണ് ചെറിയ ചിത്രം. പ്രവചനങ്ങളെ മറികടന്നാണ് ഈ ചെറിയ വളര്‍ച്ച. മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹെല്‍ത്ത്, മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി റെന്റ് എന്നിവയിലാണ് തളര്‍ച്ച നേരിട്ടത്. സെപ്റ്റംബറില്‍ സിനിമാ നിര്‍മ്മാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ചെറിയ വളര്‍ച്ച വന്നതാണ് ഗുണമായത്, ഒഎന്‍എസ് ഡയറക്ടര്‍ ഡാരെന്‍ മോര്ഗന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല