ബ്രിട്ടന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും ബ്രട്ടീഷ് ഗ്യാസിന്റെ ലാഭം പ്രതിദിനം രണ്ട് മില്യണ്‍ പൗണ്ട്. തങ്ങളുടെ പത്ത് മില്യണിലധികം വരുന്ന ഉപഭോക്താക്കളോട് തണുപ്പ് കാലത്ത് വീട് ചൂടുപിടിപ്പിക്കുന്നതിന് വന്‍ തുക ബില്ലായി ഈടാക്കിയതാണ് ഇത്രയേറെ ലാഭമുണ്ടാക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ഇതോടെ ബ്രിട്ടനില്‍ മാന്ദ്യം ബാധിക്കാത്ത മേഖലയായി ബ്രട്ടീഷ് ഗ്യാസെന്ന് വിലയിരുത്തപ്പെടുന്നു.
2012ലെ ആദ്യ ആറുമാസത്തിനുളളില്‍ തന്നെ കമ്പനിയുടെ ലാഭം 23 ശതമാനം കുതിച്ചുയര്‍ന്ന് 345 മില്യണിലെത്തി നില്‍ക്കുന്നു. തങ്ങളുടെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് മാത്രം കഴിഞ്ഞവര്‍ഷത്തെതിനേ്ക്കാള്‍ 64 മില്യണ്‍ അധികം അര്‍ദ്ധവാര്‍ഷിക ലാഭം കിട്ടിയിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. കണക്കുകള്‍ പുറത്തുവന്നതോടെ മാന്ദ്യം മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യത്തിലും ഉയര്‍ന്ന വില ഈടാക്കി കൊളളലാഭം ഉണ്ടാക്കുന്ന ബ്രട്ടീഷ് ഗ്യാസിന്റെ നടപടികള്‍ക്കെതിരെ കനത്ത ജനരോഷം ഉണ്ടായിട്ടുണ്ട്.
കമ്പനിയുടെ നടപടികള്‍ ബ്രിട്ടന്റെ തന്നെ ഭാവിയെ പാര്‍ശ്വവല്‍ക്കരിക്കുന്ന തരത്തിലാണന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തി. എനര്‍ജി ബില്ലില്‍ കുറവ് വരുത്തുകയോ അല്ലെങ്കില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് ചാര്‍ജ്ജില്‍ വര്‍ദ്ധനവ് വരുത്തുകയോ ചെയ്യാന്‍ പാടില്ലന്ന യൂണിയനുകളുടെ ആവശ്യം ബ്രട്ടീഷ് ഗ്യാസ് നിരസിച്ചു. ബ്രട്ടീഷ് ഗ്യാസിന്റെ മുഖ്യ എതിരാളികളായ ഇയോണ്‍ ഇപ്പോള്‍ തന്നെ അടുത്തെങ്ങും ചാര്‍ജ്ജ് വര്‍ദ്ധനവ് നിലവില്‍ വരുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2003 ല്‍ ഗ്യാസും ഇലക്ട്രിസിറ്റിയും അടക്കമുളള ഡ്യുവല്‍ ഫ്യുവല്‍ ബില്ലിനായി ഇപ്പോള്‍ ഒരു സാധാരണ കുടുംബം വര്‍ഷം 530 പൗണ്ട് വീതം ചെലവാക്കേണ്ടതുണ്ട്. എന്നാല്‍ 2012 ആയപ്പോഴേക്കും ഇതേ കുടുംബത്തിന് ഇതേ അളവില്‍ ചെലവാക്കുന്ന ഇന്ധനത്തിന് 1260 പൗണ്ട് നല്‍കേണ്ടി വരുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ബ്രട്ടീഷ് ഗ്യാസിന്റെ മാതൃ കമ്പനിയായ സെന്‍ട്രിക ഈ മേയില്‍ 1.4 ബില്യണിന്റെ ലാഭക്കണക്കുകള്‍ പുറത്തുവിട്ടിരുന്നു. അടുത്ത തണുപ്പുകാലത്തോടെ മൊത്തത്തിലുളള എനര്‍ജി വിലകള്‍ കൂടുമെന്നും ഉപഭോക്താക്കളുടെ താരിഫില്‍ അതിന് അനുസരിച്ചുളള വര്‍ദ്ധവ് ഉണ്ടാകുമെന്നും സെന്‍ട്രിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ എനര്‍ജി ബില്ലുകളിലുണ്ടാകുന്ന വര്‍ദ്ധനവ് ഉപഭോക്താക്കളുടെ ഇടയില്‍ ബ്രട്ടീഷ് ഗ്യാസിനുണ്ടായിരുന്ന വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്ന് എനര്‍ജി അറ്റ് കണ്‍സ്യൂമര്‍ ഫോക്കസിന്റെ ഡയറക്ടര്‍ ആഡ്‌റേ ഗാലറ്റ്ചര്‍ പറഞ്ഞു. ഇത്രയേറെ ലാഭമുണ്ടാക്കിയിട്ടും വീണ്ടും വിന്ററില്‍ എനര്‍ജി ബില്ലുകളില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ബ്രട്ടീഷ് ഗ്യാസ് മുന്നറിയിപ്പ് കൊടുത്തത് എന്തിനാണന്ന് മനസ്സിലാകുന്നില്ലെന്ന് ഷാഡോ എനര്‍ജി സെക്രട്ടറി കരോലിന്‍ ഫഌന്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല