സാമ്പത്തികമാന്ദ്യമാണ്, എല്ലാത്തിനും വലിയ വിലയാണ് എന്നൊക്കെ പറയുന്നവര്‍ക്ക് ഒരാശ്വാസമാകുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഗ്യാസിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷുകാരെ ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത് വൈദ്യൂതി, ഗ്യാസ് ചാര്‍ജുകളായിരുന്നു. തണുപ്പുകാലത്തെ അതിജീവിക്കാന്‍ മുറി ചൂടാക്കാനുള്ള വകുപ്പൊന്നുമില്ലാതെ മിക്കവാറും ബ്രിട്ടീഷ് കുടുംബങ്ങളും വലയുകയായിരുന്നു. മുറി ചൂടാക്കാന്‍ വൈദ്യൂതിയും ഗ്യാസും ഉപയോഗിക്കാന്‍ പറ്റാത്തവിധം ചാര്‍ജായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഒരുവിധം ശരിയാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അടുത്ത ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ഗ്യാസ് ബില്ലില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ബ്രിട്ടണിലെ പ്രധാനപ്പെട്ട ഗ്യാസ് ഏജന്‍സികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് ശതമാനം കുറവുണ്ടാകുമെന്നാണ് അറിയുന്നത്. പതിനാറ് മില്യണ്‍ ഉപഭോക്താക്കള്‍ക്കായിരിക്കും ഇതിന്റെ ഗുണമുണ്ടാകുക. ഏതാണ്ട് എണ്‍പത് പൗണ്ടോളം ഓരോ കുടുംബത്തിന്റെ ഗ്യാസിന്റെ കാര്യത്തില്‍ മാത്രം സേവ് ചെയ്യാന്‍ സാധിക്കും എന്നാണ് ലഭിക്കുന്ന സൂചന.
ഗ്യാസിന്റെ വൈദ്യൂതിയുടെയും ബില്ലുകള്‍ കുറയ്ക്കാനുള്ള വഴികളെക്കുറിച്ചാണ് കഴിഞ്ഞ കുറച്ച് നാളുകളായി ബ്രിട്ടീഷുകാര്‍ ആലോചിച്ചിരുന്നത്. ഗ്യാസ്, വൈദ്യൂതി ചാര്‍ജുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. അതിന്റെ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് ഇപ്പോള്‍ ചാര്‍ജ് കുറയ്ക്കാന്‍ ഗ്യാസ് കമ്പനി നിര്‍ബന്ധിതരായിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം ബ്രിട്ടീഷ് ഗ്യാസ് ഗ്യാസിന് പതിനെട്ട് ശതമാനവും വൈദ്യൂതിക്ക് പതിനാറ് ശതമാനവും ചാര്‍ജ് വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. അതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ചാര്‍ജ് കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഈ കമ്പനി ചാര്‍ജ് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ബ്രിട്ടണിലെ മറ്റ് എനര്‍ജി കമ്പനികളും ചാര്‍ജ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് ലഭിക്കുന്ന സൂചന. ചെറുകിട കമ്പനികളും ചാര്‍ജ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല