ലണ്ടനിലെ സ്‌കൂളില്‍നിന്നു മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടക്കുന്നതിനായി ടര്‍ക്കിയിലെത്തിയ സംഭവത്തില്‍ ബ്രിട്ടനെ കുറ്റപ്പെടുത്തി ടര്‍ക്കി. പെണ്‍കുട്ടികള്‍ ടര്‍ക്കിയിലേക്ക് എത്തിയിട്ടുണ്ടെന്നും പിന്നീട് കാണാതായെന്നും അറിയിക്കുന്നതിനായി ബ്രിട്ടണ്‍ താമസിച്ചു. അതുകൊണ്ട് തന്നെ ഇവരെ കണ്ടെത്താനോ ട്രാക്ക് ചെയ്യാനോ ടര്‍ക്കിക്ക് ആയില്ല.
സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ ടര്‍ക്കിയിലേക്ക് എത്തിയ കാര്യം മൂന്ന് ദിവസത്തിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്ന് ടര്‍ക്കിയുടെ ഉപപ്രധാനമന്ത്രി ബുലെന്റ് അരിന്‍ക് പറഞ്ഞു. പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. അവരെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇനി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് ടര്‍ക്കിയെയല്ല ബ്രിട്ടനെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികള്‍ ഇസ്താംപൂളില്‍ എത്തിയ കാര്യം മൂന്ന് ദിവസം കഴിഞ്ഞ് അറിയിക്കുന്നത് അപലപനീയമാണെന്നും ടര്‍ക്കി ഉപപ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്‍ സ്വീകരിക്കേണ്ടിയിരുന്ന മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിറിയയിലേക്ക് കടന്ന് അവിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം ചേരുന്നതിനായി ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍നിന്നും പതിനഞ്ച് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികള്‍ ഇസ്താംപൂളില്‍ എത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫെബ്രുവരി 17നാണ് ഇവര്‍ ഇസ്താംപൂളില്‍ എത്തുന്നത്. വീട്ടില്‍നിന്ന് പുറത്തു പോകുകയാണെന്ന് പറഞ്ഞാണ് ഇവര്‍ ടര്‍ക്കിയിലേക്കും അവിടെനിന്നും സിറിയയിലേക്കും കടന്നത്. മുന്‍പ് ഐഎസില്‍ ചേര്‍ന്ന ഒരു ബ്രിട്ടീഷ് വനിതയുമായുള്ള സൗഹൃദമാണ് ഇവരെയും ഭീകരവാദികളാക്കിയതെന്നാണ് സൂചന. സോഷ്യല്‍മീഡിയ വഴിയാണ് ഇവര്‍ സൗഹൃദം വെച്ചുപുലര്‍ത്തിയിരുന്നത്.
ഫെബ്രുവരി 17ന് പെണ്‍കുട്ടികള്‍ ഇസ്താംപൂളില്‍ എത്തിയെങ്കിലും ബ്രിട്ടീഷ് അധികൃതര്‍ ഇത് അന്‍കാരയില്‍ അറിയിക്കുന്നത് 20ന് മാത്രമാണ്. അതിന് മുന്‍പെ പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. എന്നിരുന്നാലും ടര്‍ക്കി പൊലീസും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും തെരച്ചില്‍ തുടരുകയാണ്.
80 ഓളം രാജ്യങ്ങളില്‍നിന്നുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ടര്‍ക്കി വഴിയാണ് സിറിയയിലേക്ക് കടക്കുന്നത്. ബ്രിട്ടണില്‍നിന്ന് 500 ഓളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല