സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബ്രിട്ടൻ. ഇതുസംബന്ധിച്ച് ഫിനാൻഷ്യൽ ടൈംസ് പത്രത്തിൽ വാർത്ത വന്നതിനെത്തുടർന്നാണ് ഇത്തരമൊരു പ്രതികരണം. തൊഴിലാളികളുടെ അവകാശങ്ങളുൾപ്പെടെ ഒട്ടേറെ നിയമങ്ങൾ ബ്രിട്ടൻ ദുർബലപ്പെടുത്തുമെന്നു യൂറോപ്യൻ യൂണിയൻ ആശങ്കപ്പെടുന്നുവെന്നായിരുന്നു വാർത്ത.
അതിനിടെ ബ്രെക്സിറ്റ് കാലാവധി നീട്ടാൻ യൂറോപ്യൻ യൂണിയൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ എത്രനാളത്തേക്കാണു കാലാവധി നീട്ടുകയെന്ന കാര്യത്തിൽ അടുത്തയാഴ്ചയേ തീരുമാനം പ്രഖ്യാപിക്കൂ. ഡിസംബർ 12നു പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നു നിർദേശിക്കുന്ന പ്രമേയം തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കാൻ ജോൺസൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പ്രമേയം പാസാകുമോ എന്നറിഞ്ഞശേഷം ബ്രെക്സിറ്റ് കാലാവധി എത്രനാൾ നീട്ടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു ബ്രസൽസിൽ ചേർന്ന ഇയു സ്ഥാനപതിമാരുടെ യോഗത്തിലുണ്ടായ ധാരണ.
നേരത്തെയുള്ള നിശ്ചയപ്രകാരം അഞ്ചു ദിവസത്തിനകം ഒക്ടോബർ 31നു യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിരിഞ്ഞുപോരണം. എന്നാൽ ഈ കാലാവധി മൂന്നുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ നിർദേശ പ്രകാരം പ്രധാനമന്ത്രി ജോൺസൻ യൂറോപ്യൻ യൂണിയന് കത്തയച്ചിട്ടുണ്ട്. യൂണിയനിൽ ബ്രിട്ടൻ ഒഴിച്ചുള്ള 27 അംഗങ്ങളിൽ ഭൂരിഭാഗവും ഇതിനു അനുകൂലമാണെന്നാണു റിപ്പോർട്ട്. അങ്ങനെയെങ്കിൽ ജനുവരി വരെ ബ്രെക്സിറ്റിനു സമയം കിട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല