കേരളത്തിലെ നഴ്സുമാരുടെ സമരങ്ങള്‍ വിജയത്തില്‍ നിന്നും വിജയത്തിലേക്ക് കുതിക്കുമ്പോള്‍ അതിന്‍റെ മാറ്റൊലികള്‍ ഇങ്ങ് യു കെയിലും മുഴങ്ങുന്നു.യു കെ കുടിയേറ്റം കഴിഞ്ഞിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും അസംഘടിതരായിരുന്ന മലയാളി നഴ്സുമാര്‍ക്ക് ഒത്തു കൂടുവാനും സ്വന്തമായി ഒരു സംഘടന രൂപീകരിക്കാനും നിമിത്തമായിരിക്കുകയാണ് കേരളത്തിലെ നഴ്സിംഗ് സമരം.കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട് ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട,ഇപ്പോള്‍ ജീവിക്കാനായി സമരം ചെയ്യുന്ന കേരളത്തിലെ നഴ്സുമാര്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യാനാണ് ഇന്നലെ യു കെയിലെ ഒരു പറ്റം മലയാളി നഴ്സുമാര്‍ ബിര്‍മിംഗ്ഹാമില്‍ ഒരുമിച്ചു കൂടിയത്.ഏകദേശം ഒരാഴ്ച മുന്‍പ് മാത്രം ആരംഭിച്ച ഫെയിസ് ബുക്ക് കമ്യൂണിറ്റിയില്‍ ഉയര്‍ന്നുവന്ന ആശയത്തിന്റെ സാഫല്യമായിരുന്നു ഈ മലയാളി നഴ്സ് കൂട്ടായ്മ.
ബ്രിട്ടനിലെ മലയാളി നഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവര്‍ക്ക് വേണ്ടി വാദിക്കുവാനും സമ്മര്‍ദ ശക്തിയാവാനും ബ്രിട്ടിഷ് ഇന്ത്യന്‍ നഴ്സിംഗ് യൂണിയന്‍ എന്ന സന്ഘ്ടനയ്ക്ക് ഇന്നലത്തെ യോഗം രൂപം നല്‍കി. ബിര്‍മിംങ്ങ്ഹാമില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ നേഴ്സുമാരുടെ സമരത്തിന് ബ്രിട്ടണിലുള്ള നേഴ്സുമാരുടെ സമൂഹത്തിന്റെ പൂര്‍ണ്ണപിന്തുണയും നല്‍കണമെന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. സമര സമയങ്ങളില്‍ സഹായിക്കുന്നതിനൊപ്പം കേരളത്തിലെ നേഴ്സുമാരുടെ പ്രൊഫഷണല്‍ മുന്നേറ്റങ്ങള്‍ക്ക് ദീപശീഖയേന്തുകയെന്ന കര്‍ത്തവ്യമാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് ഇന്നലെ ചേര്‍ന്ന യൂണിയന്‍ തീരുമാനിച്ചു.
വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരെല്ലാം തന്നെ മികച്ച വേതനം ലഭിക്കുന്നവരും നല്ല രീതിയില്‍ ജീവിക്കുന്നവരുമാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതല്ല. പലപ്പോഴും നേഴ്സുമാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. ശമ്പളമില്ലാതെയും കുറഞ്ഞ ശമ്പളത്തിലും ജോലി ചെയ്യുന്ന കേരളത്തിലെ നേഴ്സുമാര്‍ക്ക് സമൂഹത്തില്‍ ഒരുതരത്തിലുള്ള പ്രാധാന്യവും ലഭിക്കുന്നില്ല. തൊഴില്‍ സുരക്ഷിതത്വവും കേരളത്തിലെ നേഴ്സിങ്ങ് സമൂഹത്തിലില്ല.ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ഒരു സംഘടനയെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കാലങ്ങളായി അസംഘടിതരായി നില്‍ക്കുന്ന യു കെയിലെ മലയാളി നഴ്സുമാരെ ഏകോപിപ്പിക്കുക,അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക,അവര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍. , ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ നല്‍കുക ,തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക കരിയര്‍ മുന്നേറ്റത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍. .
ജയകുമാര്‍ നായര്‍ (വോള്‍വറാംപ്റ്റണ്‍), ദേവ്‌ലാല്‍ സഹദേവന്‍ (ബ്രിസ്റ്റോള്‍), ആന്റണി ജോസഫ് (ഗ്ലോസ്റ്റര്‍), ജോബി കോശി (ബിര്‍മിംങ്ങ്ഹാം), സുനിത സുനില്‍ (സ്റ്റാഫോര്‍ഡ്), ഡിഷാ ടോമി (വേസ്റ്റോണ്‍ സൂപ്പര്‍മെയര്‍ ) എന്നിവരടങ്ങുന്ന ആറംഗ കമ്മിറ്റിയെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനായി തിരഞ്ഞെടുത്തു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ റീജിയണല്‍ യോഗങ്ങള്‍ സംഘടിപ്പിക്കുവാനും വിപുലമായ ജെനറല്‍ ബോഡി മെയ് അഞ്ചാം തീയതി ബര്‍മിംഗ്ഹാമില്‍ വച്ചു നടത്തുവാനും തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല