സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് ചര്‍ച്ചയില്‍ വൈകിയെത്തിയതിന് ബ്രിട്ടീഷ് മന്ത്രി മാപ്പു ചോദിച്ചു, ഒപ്പം രാജിയും വച്ചു! സര്‍ക്കാരിനെ ഞെട്ടിച്ച് അന്താരാഷ്ട്ര വികസനകാര്യ മന്ത്രി ലോര്‍ഡ് മൈക്കിള്‍ ബേറ്റ്‌സ്. ബ്രിട്ടനിലെ പ്രഭുസഭാംഗവും അന്താരാഷ്ട്ര വികസനകാര്യ മന്ത്രിയുമാണ് ലോര്‍ഡ് മൈക്കിള്‍ ബേറ്റ്‌സ്. ഒരു മിനിട്ടു മാത്രമാണു താമസിച്ചതെങ്കിലും സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് അദ്ദേഹം ഏറ്റുപറയുകയായിരുന്നു.
പാര്‌ലമെന്റ് അംഗമെന്ന നിലയിലുള്ള അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ഇത്തരമൊരു വീഴ്ച ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വലിയ വീഴ്ച ഉണ്ടായിരിക്കുന്നു. ചര്‍ച്ചയില്‍ ഉത്തരം നല്‌കേണ്ട താന്‍ സീറ്റില്‍ ഇല്ലാതിരുന്നതു ലജ്ജാവഹമാണ്. അതിനാല്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിക്കുന്നു. ഒപ്പം ക്ഷമയും ചോദിക്കുന്നു. തുടര്‍ന്ന് തന്റെ സാധനങ്ങളെല്ലാമെടുത്ത് അദ്ദേഹം സഭയില്‍നിന്നിറങ്ങിപ്പോയി.
അപ്രതീക്ഷിത നടപടിയില്‍ സഭാംഗങ്ങള്‍ ഞെട്ടിപ്പോയി. ചിലര്‍ വിശ്വാസം വരാതെ ചിരിച്ചു. മറ്റു ചിലര്‍ ബേറ്റ്‌സിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുശേഷം ബേറ്റ്‌സിന്റെ രാജി അംഗീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ ഓഫീസ് അറിയിച്ചു. സത്യസന്ധനും കഠിനാധ്വാനിയുമായ ബേറ്റ്‌സിന്റെ നടപടി സ്വാഭാവികം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍മീഡിയയില്‍ ബ്രിട്ടീഷ് മന്ത്രിയുടെ രാജി വലിയ ചര്‍ച്ചാവിഷയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല