സ്വന്തം ലേഖകന്‍: ‘മയക്കു മരുന്നു തന്നു മയക്കി തട്ടിക്കൊണ്ടു പോയി, വില്‍ക്കാന്‍ വച്ചത് ഓണ്‍ലൈന്‍ അധോലോകമായ ഡാര്‍ക്ക് വെബ്ബില്‍, വില്‍ക്കാതിരുന്നത് കുഞ്ഞിന്റെ അമ്മയാണ് എന്നറിഞ്ഞപ്പോള്‍,’ ഇറ്റലിയില്‍ തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് മോഡലിന്റെ വെളിപ്പെടുത്തല്‍. ഇറ്റലിയിലെ മിലാനില്‍ വച്ചാണ് ഫോട്ടോഷൂട്ടിനെന്ന പേരില്‍ വിളിച്ചുവരുത്തിയ ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡല്‍ ക്ലോയി എയ്‌ലിങിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
മയക്കുമരുന്നു കൊടുത്തു ബാഗിനുള്ളിലാക്കിയ താന്‍ ഉണരുമ്പോള്‍ വായില്‍ ടേപ്പ് ഒട്ടിച്ച് ഒരു ബാഗിനുള്ളില്‍ അടച്ച നിലയിലായിരുന്നുവെന്ന് ക്ലോയി എയ്‌ലിങ് പറഞ്ഞു. മിലാന്‍ സെന്‍ട്രല്‍ സ്‌റ്റേഷനു സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു കടയിലേക്കാണു ഫോട്ടോഷൂട്ടിനായി അക്രമി സംഘം ക്ലോയിയെ കൊണ്ടുപോയത്. തുടര്‍ന്ന് കെറ്റമിന്‍ മയക്കുമരുന്നു കുത്തിവച്ച് കാറിന്റെ ഡിക്കിയിലാക്കി 120 മൈല്‍ അകലെയുള്ള ടുറിനിനെ ഫാം ഹൗസിലെത്തിച്ചു.
അവിടെ ആറു ദിവസത്തോളം തടഞ്ഞുവച്ചു. പിന്നീടു ക്ലോയി രണ്ടു വയസുള്ള കുഞ്ഞിന്റെ അമ്മയാണെന്ന് അറിഞ്ഞതോടെ മോചിപ്പിക്കുകയായിരുന്നു. ഫോട്ടോ ഷൂട്ടിനെന്നു കരുതിയാണ് സംഘം വിളിച്ചിടത്ത് എത്തിയതെന്നു ക്ലോയി പറഞ്ഞു. ഒരാള്‍ കൈകളില്‍ കടന്നുപിടിക്കുകയും മറ്റൊരാള്‍ മരുന്നു കുത്തിവയ്ക്കുകയുമായിരുന്നു. ഉണരുമ്പോള്‍ കാറിന്റെ ഡിക്കിയില്‍ ബാഗിനുള്ളില്‍ കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. വായില്‍ ടേപ്പൊട്ടിച്ചിരുന്നു.
ബാഗിലെ ചെറിയ ദ്വാരത്തിലൂടെയാണു ശ്വസിച്ചിരുന്നതെന്നും ക്ലോയി പറഞ്ഞു. ലണ്ടനില്‍ മടങ്ങിയെത്തിയിട്ടും സംഭവിച്ചതിന്റെ ഞടുക്കത്തില്‍നിന്നു മുക്തയായിട്ടില്ല ക്ലോയി. സംഭവവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പൊലീസ് പോളണ്ട് സ്വദേശിയായ ലൂക്കാസ് ഹെര്‍ബയെ അറസ്റ്റ് ചെയ്തിരുന്നു. ബ്ലാക്ക് ഡെത്ത് എന്ന ഡാര്‍ക്ക് സൈറ്റിലെ ലേലത്തില്‍ ക്ലോയിയെ മൂന്നു ലക്ഷം പൗണ്ടിനു വില്‍ക്കാനായിരുന്നു ലൂക്കാസിന്റെ ഉദ്ദേശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല