സ്വന്തം ലേഖകന്‍: വെടിയേറ്റു മരിച്ച ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപിക്ക് ബ്രിട്ടന്‍ യാത്രാമൊഴി നല്‍കി, ലോകനേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാഴ്ച വെടിയേറ്റു മരിച്ച ബ്രിട്ടീഷ് വനിതാ എംപി ജോ കോക്‌സിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന തന്റെ നിര്‍ദേശം പ്രധാനമന്ത്രി കാമറോണും സ്പീക്കര്‍ ബെര്‍ക്രോയും അംഗീകരിച്ചെന്നു പ്രതിപക്ഷ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ അറിയിച്ചു.
പാര്‍ലമെന്റ് മന്ദിരത്തിലും ടെന്‍ ഡൗണിംഗ് സ്ട്രീറ്റിലും ബക്കിംഗാം കൊട്ടാരത്തിലും ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. ബ്രിസ്റ്റളിലെ പള്ളിയില്‍ നടന്ന അനുസ്മരണ ശുശ്രൂഷയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. ഹില്ലരി ക്ലിന്റണ്‍,ആംഗല മെര്‍ക്കല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്നു വാദിക്കുന്ന ഗ്രൂപ്പിനുവേണ്ടി പ്രചാരണം നടത്തുമ്പോഴാണ് സ്വന്തം നിയോജകമണ്ഡലമായ വടക്കന്‍ ഇംഗ്‌ളണ്ടിലെ ലീഡ്‌സിനു സമീപമുള്ള ബ്രിസ്റ്റളില്‍ ലേബര്‍ എംപി കോക്‌സിനെ അക്രമി വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയത്. കോക്‌സിനു നേരത്തെയും ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
അറസ്റ്റിലായ അക്രമി തോമസ് മെയര്‍(52) നവനാസി ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തിയിരുന്നയാളാണെന്നു പറയപ്പെടുന്നു. തോക്കു നിര്‍മാണത്തെക്കുറിച്ചുള്ള പുസ്തകം ഇയാള്‍ നേരത്തെ വാങ്ങിയതായും വ്യക്തമായിട്ടുണ്ട്.
എന്നാല്‍ കോക്‌സിനെ വധിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കോക്‌സിനെ വധിച്ചത് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല