1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2023

സ്വന്തം ലേഖകൻ: യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബി (33)ക്ക് ശേഷിക്കുന്ന കാലം മുഴുവന്‍ തടവ് ശിക്ഷ വിധിച്ചു. മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ശിക്ഷാ കാലാവധിയ്ക്കിടെ ലൂസി ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി വ്യ്ക്തമാക്കിയിട്ടുണ്ട്. ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള ഒരു കൊലപാതക പരമ്പരയാണ് നടന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.

അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്‌ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്. 2015-നും 2016-നും ഇടയില്‍ ഇവിടെ ഇവരുടെ ക്രൂരതകള്‍ക്കിരയായത് 13 കുഞ്ഞുങ്ങളാണ്.

”ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല” -ലൂസി എഴുതിവെച്ച ഞെട്ടിക്കുന്ന കുറിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാത്രിജോലിക്കിടെ വിഷം കലര്‍ത്തിയ ഇന്‍സുലിന്‍ കുത്തിവെച്ചും അമിതമായി പാലുകുടിപ്പിച്ചുമൊക്കെയാണ് കുഞ്ഞുങ്ങളെ വകവരുത്തിയത്.

നവജാതശിശുക്കളുടെ കൂട്ടക്കുരുതി കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ഡോക്ടര്‍ രവി ജയറാമിന്റെ ഇടപെടല്‍. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനാണ് അദ്ദേഹം. സഹപ്രവര്‍ത്തകയായിരുന്ന ലൂസി ലെറ്റ്ബിയെക്കുറിച്ച് അദ്ദേഹത്തിന് തോന്നിയ ചില ആശങ്കകളും സംശയങ്ങളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.

പോലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്ന് ചിലകുട്ടികളെങ്കിലും ജീവനോടെയുണ്ടായേനെയെന്ന് ഡോക്ടര്‍ പ്രതികരിച്ചു. ”ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ജീവനോടെയുണ്ടായിരുന്നെങ്കില്‍ അതില്‍ നാലോ അഞ്ചോ കുരുന്നുകള്‍ ഇന്ന് സ്‌കൂളില്‍ പോകുന്നവരാകുമായിരുന്നു” -അദ്ദേഹം പറഞ്ഞു.

2015 ജൂണില്‍ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികള്‍ പെട്ടെന്ന് മരിച്ചതോടെയാണ് ഡോക്ടറില്‍ സംശയമുടലെടുക്കുന്നത്. തന്റെ ആശങ്കകളുന്നയിച്ചെങ്കിലും ആശുപത്രിമാനേജ്മെന്റ് തള്ളി. പിന്നീട് കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ മുതിര്‍ന്ന ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചുചേര്‍ത്തു, അതില്‍ തന്റെ സംശയങ്ങള്‍ പങ്കുവെക്കുകയുംചെയ്തു. പെട്ടെന്ന് ആരോഗ്യം മോശമാവുന്ന കുട്ടികള്‍ ലൂസി പരിചരിക്കുന്നവരാണെന്നും ശ്രദ്ധയില്‍പ്പെടുത്തി.

പിന്നീട് 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്.) ഡോക്ടര്‍മാരെ അനുവദിച്ചത്. തുടര്‍ന്ന്, സംശയങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയ പോലീസ് അന്വേഷണമാരംഭിക്കുകയും അറസ്റ്റിലേക്കെത്തുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.