സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ബ്രിട്ടൻ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ഡിസംബർ 12 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനുവരി അവസാനം ബ്രെക്‌സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം.
എന്നാല്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമോ എന്ന കാര്യത്തില്‍ ഒരിക്കല്‍ കൂടി ജനഹിത പരിശോധന നടത്തുമെന്നാണ് ജെറമി കോര്‍ബിന്റെ വാഗ്ദാനം. ബ്രെക്‌സിറ്റിനു പുറമെ ബ്രട്ടന്‍ സാമ്പത്തിക രംഗം, ആരോഗ്യ മേഖല, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോവുന്ന പ്രധാന ഘടകങ്ങള്‍.
ജനസഭയും പ്രഭുസഭയും അടങ്ങിയതാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. 650 അംഗ ജനസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലരക്കോടിയോളം വരുന്ന ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പില്‍ 650 സീറ്റുകളില്‍ 326 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബര്‍ പാര്‍ട്ടിയിലെ ഇടതു പക്ഷ സ്വരമായ ജെറമി കോര്‍ബിനാണ് ബോറിസ് ജോണ്‍സന്റെ മുഖ്യ എതിരാളി
ബ്രെക്‌സിറ്റില്‍ കൈപൊള്ളി അധികാരം ഒഴിഞ്ഞ ഡേവിഡ് കാമറോണ്‍, തെരേസ മെയ് എന്നിവര്‍ക്കു ശേഷം അധികാരത്തിലേറിയ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ വലതുപക്ഷ മുഖമാണ്. താന്‍ അധികാരത്തിലേറിയാല്‍ 2020 ജനുവരി 31 ഓടെ ബ്രെക്‌സിറ്റ് നിലവില്‍ വരുമെന്നും ബ്രിട്ടന്‍ പൂര്‍ണ്ണമായും സ്വതന്ത്രമാകുമെന്നാണ് ജോണ്‍സന്റെ വാഗ്ദാനം.
യൂറോപ്യന്‍ യൂണിയൻ ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രണ്ടു സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളെ മുതലെടുക്കുകയാണെന്നും ബ്രിട്ടീഷ് ജനതയ്ക്ക് കിട്ടേണ്ട തൊഴിലവസരങ്ങൾ മറ്റ് യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ കാരണം ഇല്ലാതാവുമെന്നുമാണ് ബ്രെക്‌സിറ്റ് അനുകൂലികളുടെ വാദം.
ജോണ്‍സനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഇസ്ലാമോഫോബിയയുടെ വക്താക്കളാണെന്ന ആരോപണവുമുണ്ട്. ആഗോള ഏജന്‍സിയായ മുസ്‌ലീം എന്‍ഗേജ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് ഈയടുത്ത് നടത്തിയ കണക്കെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അനുഭാവികളായ 62 ശതമാനം പേര്‍ മുസ്‌ലീം മത വിഭാഗം ബ്രിട്ടന് ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇതിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് ഹ്യൂമണ്‍ റൈറ്റ് കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒാഫ് കോമൺസ് അഥവാ പൊതുജനസഭയിലെ 650 അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷം കൂടുമ്പോഴാണ്. ആ നിലയിൽ ഇൗ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് 2022ലാണ്. പ്രധാനമന്ത്രി ജോൺസൻ അതു രണ്ടര വർഷം നേരത്തെയാക്കി. 650 അംഗ സഭയിൽ 326 സീറ്റിൽ ജയിക്കണം ഭൂരിപക്ഷം നേടാൻ. ഇല്ലെങ്കിൽ തൂക്കുസഭയാകും.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കൂടാതെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് യൂനിയനികക്‌സ് പാര്‍ട്ടി, സെന്‍ട്രലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റ്‌സ് എന്നീ പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല