സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അനിഷ്ട സംഭവങ്ങളില്ലാതെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായി, ആത്മവിശ്വാസം വിടാതെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍, തെരേസാ മേയുടെ വിജയം പ്രവചിച്ച് അവസാന ഘട്ട സര്‍വേ ഫലങ്ങള്‍. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു വോട്ടെടുപ്പ്. രാവിലെ ഏഴിനു തുടങ്ങിയ വോട്ടിംഗ് രാത്രി 10 നാണ് അവസാനിച്ചത്. രാജ്യത്തെ നഗരങ്ങളിലുടനീളം പൊലീസ് പട്രോളിങ് നടത്തി. 40,000 പോളിങ് ബൂത്തുകളാണ് രാജ്യത്തുടനീളം ഒരുക്കിയത്.
കൂടുതലും സ്‌കൂളുകളും കമ്യൂണിറ്റി സെന്ററുകളും പാരിഷ് ഹാളുകളുമാണ് പോളിങ് ബൂത്തുകളായി ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം പബുകളും സ്‌കൂള്‍ ബസുകളും വരെ പോളിങ് ബൂത്തുകളായി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകളിലും വടക്കന്‍ അയര്‍ലന്‍ഡിലും സ്‌കോട്‌ലന്‍ഡിലും വെയ്ല്‍സിലും മഴയുടെ അകമ്പടിയോടെയാണ് വോട്ടെടുപ്പ് നടന്നത്. എന്നാല്‍ മഴ പോളിംഗിനെ ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി തെരേസ മേയ് (60) നയിക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ജെറമി കോര്‍ബിന്‍ (68) നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, തീവ്രവലതുപക്ഷ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നിവരും മത്സരരംഗത്തുണ്ട്. സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും പ്രാദേശിക പാര്‍ട്ടികളുടെ സാന്നിധ്യവും ശക്തമാണ്. സ്‌കോട്‌ലന്‍ഡില്‍ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിക്കാണ് ദേശീയ പാര്‍ട്ടികളേക്കാള്‍ സ്വാധീനമുള്ളത്.
തെരഞ്ഞെടുപ്പു ഫലം ഇന്ത്യന്‍ സമയം ഇന്നു രാവിലെ പത്തു മണിയോടെ അറിയാം. പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വര്‍ധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണു വിവിധ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയെക്കാള്‍ എട്ടുശതമാനം പിന്തുണ കണ്‍സര്‍വേറ്റിവ് പാ!ര്‍ട്ടിക്കുണ്ടെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നു.
650 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം തികക്കാന്‍ 326 സീറ്റുകള്‍ വേണം. 15 ലക്ഷം ഇന്ത്യന്‍ വംശജരുള്‍പ്പെടെ നാലു കോടി 69 ലക്ഷം വോട്ടര്‍മാരാണ് വിധി നിര്‍ണയത്തില്‍ പങ്കാളികളായത്. 56 ഇന്ത്യന്‍ വംശജരുള്‍പ്പെടെ 3,300 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ചുലക്ഷം വോട്ടര്‍മാര്‍ ഇക്കുറി പുതുതായി വോട്ടര്‍പട്ടികയിലുണ്ട്. ഇവരിലാണ് തെരേസ മേയ്‌യുടേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേയും പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല