സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍. രാജ്യത്തെ ഊര്‍ജമേഖലയും റെയില്‍വേയും ജലവിതരണ സംവിധാനവും റോയല്‍ മെയിലും പൊതുമേഖലയില്‍ ആക്കുമെന്ന് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹാളില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഷാഡോ കാബിനറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചു.
യൂണിവേഴ്‌സിറ്റി ഫീസ് ഇല്ലാതാക്കി ഉന്നതവിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കുമെന്നാണ് മറ്റൊരു ജനപ്രിയ വാഗ്ദാനം. പ്രകടന പത്രിക തിങ്കളാഴ്ച ചോര്‍ന്നിരുന്നെങ്കിലും ഇത്രയും ജനപ്രിയ വാഗ്ദാനങ്ങള്‍ സമീപ കാലത്തൊന്നും ഒരു പാര്‍ട്ടിയും പുറത്തിറക്കിയിട്ടില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനില്‍ സമൂലമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്രദവുമായ ഉത്തരവാദിത്വപ്പെട്ട ഭരണസംവിധാനമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജെറമി കോര്‍ബിന്‍ പറഞ്ഞു.
തെരേസാ മേയ് സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി സോഫ്റ്റ് ബ്രെക്‌സിറ്റാണ് ലേബര്‍ പാര്‍ട്ടി ഉന്നം വക്കുന്നതെന്ന് പ്രകടന പത്രിക സൂചന നല്‍കുന്നു. ബ്രിട്ടീഷുകാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തിയും ഏകീകൃത വിപണിയിലും കസ്റ്റംസ് യൂണിയനിലും തുടര്‍ന്നു കൊണ്ടുമുള്ള ബ്രെക്‌സിറ്റ് നയത്തെ ‘എല്ലാ ബ്രിട്ടീഷുകാര്‍ക്കും വേണ്ടിയുള്ള ബ്രെക്‌സിറ്റ്’ എന്നാണ് കോര്‍ബിന്‍ വിശേഷിപ്പിച്ചത്. ബ്രിട്ടനില്‍ നിലവിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ സംരക്ഷണവും ഉറപ്പു വരുത്തുമെന്നും പത്രികയില്‍ എടുത്തു പറയുന്നു.
സ്‌കൂളുകളുടെ നവീകരണവും വിദ്യാഭ്യാസ മേഖലയിലെ സമൂല പരിഷ്‌കാരങ്ങളും ലക്ഷ്യമിട്ട് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് മാതൃകയില്‍ നാഷണല്‍ എജ്യുക്കേഷന്‍ സര്‍വീസ്, ആവശ്യത്തിന് സ്റ്റാഫിനെ നിയമിച്ച് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ വികസനം, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം, നാഷണല്‍ മിനിമം വേജ് മണിക്കൂറിന് പത്ത് പൗണ്ടായി ഉയര്‍ത്തല്‍, തൊഴിലാളികളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ”ട്രിപ്പിള്‍ ലോക്ക് പ്രൊട്ടക്ഷന്‍ സംവിധാനം”, പത്തു ലക്ഷം പുതിയ വീടുകള്‍, പുതിയ നാല് ദേശീയ അവധി ദിനങ്ങള്‍, പത്ത് ജലവിതരണ കമ്പനികളെ ദേശസാല്‍കരിക്കല്‍ എന്നിങ്ങനെ പോകുന്നു ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍.
ജനസംഖ്യയില്‍ അഞ്ചു ശതമാനത്തില്‍ താഴെവരുന്ന സമ്പന്നവര്‍ഗത്തിനും കുത്തക കമ്പനികള്‍ക്കും അധിക നികുതി ചുമത്തിയാണ് ഈ ജനപ്രിയ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താന്‍ കോര്‍ബിന്‍ മാര്‍ഗം തേടുന്നത്. അതിനിടെ ജനകീയ വിഷയങ്ങളില്‍ നേരിട്ടുള്ള സംവാദത്തിന് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസാ മേയെ കോര്‍ബിന്‍ വെല്ലുവിള്‍ക്കുകയും ചെയ്തു. എന്നാല്‍ ടെലിവിഷന്‍ സംവാദങ്ങളോട് വിമുഖത കാണിക്കുന്ന തെരേസാ മേയ് ഇതുവരെ കോര്‍ബിന്റെ വെല്ലുവിളിയോട് പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല