സ്വന്തം ലേഖകന്‍: തെരേസാ മേയോ കോര്‍ബിനോ? ബ്രിട്ടീഷ് ജനത ഇന്ന് വിധിയെഴുതും, പരസ്പര ബന്ധമില്ലാതെ കീഴ്‌മേല്‍ മറിഞ്ഞ് അഭിപ്രായ സര്‍വേ ഫലങ്ങള്‍, പോരാട്ടം ഒപ്പത്തിനൊപ്പമെന്ന് നിഗമനം. കഴിഞ്ഞ ദിവസം വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതായാണ് നേരത്തേ അഭിപ്രായ സര്‍വേകള്‍ നല്‍കിയിരുന്ന സൂചന.
എന്നാല്‍ ഏറ്റവും പുതിയ അഭിപ്രായ സര്‍വേകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും മുന്‍തൂക്കം നേടുകയാണ്. സുര്‍വേഷന്‍ എന്ന ഏജന്‍സി നടത്തിയ സര്‍വേയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 41.5 ശതമാനം, ലേബര്‍ പാര്‍ട്ടിക്ക് 40.4 ശതമാനം എന്നതാണ് നില. ലണ്ടന്‍ പാലത്തിലെ ഭീകരാക്രമണത്തിനു ശേഷം ഒപ്പീനിയം എന്ന ഏജന്‍സി നടത്തിയ സര്‍വേയില്‍ യാഥാസ്ഥിതികര്‍ 43 ശതമാനം, ലേബര്‍ 36 ശതമാനം എന്നതാണു നില.
രണ്ടു മാസം മുന്പ് 20 ശതമാനത്തിനു പിന്നിലായിരുന്ന ലേബര്‍ ഇപ്പോള്‍ യാഥാസ്ഥിതികരുടെ തൊട്ടടുത്ത് എത്തിയതൊഴിച്ചാല്‍ സര്‍വേ ഫലങ്ങള്‍ തുടര്‍ച്ചയായി മാറിമറിയുകയാണ്. പോരാട്ടം ഒപ്പത്തിനൊപ്പമാകും എന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. 2015ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2016 ലെ ബ്രെക്‌സിസ്റ്റ് ഹിത പരിശോധനയിലും ബ്രിട്ടീഷ് അഭിപ്രായ സര്‍വേകള്‍ പാടേ തെറ്റിപ്പോയതാണ്.
2020 വരെ അധികാരത്തില്‍ തുടരാമെന്നിരിക്കെ അപ്രതീക്ഷിതമായാണ് ഏഴാഴ്ച മുമ്പ് ഏവരെയും ഞെട്ടിച്ച് തെരേസ മേയ് ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ സുഗമമായി ആരംഭിക്കാനും തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു മേയുടെ നിലപാട്.
വ്യാഴാഴ്ച രാവിലെ ഏഴിനും 10 നുമിടയില്‍ വോട്ടേടുപ്പ് തുടങ്ങും. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 650 അംഗ സഭയില്‍ ഭൂരിപക്ഷം നേടാന്‍ 326 സീറ്റുകളാണ് വേണ്ടത്. ബ്രെക്‌സിറ്റിനെ അനുകൂലിച്ച് ജനം വോട്ട് ചെയ്തപ്പോള്‍ ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞതോടെയാണ് തെരേസ അധികാരത്തിലേറിയത്. ഇപ്പോള്‍ പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷമാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല