സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, അഭിപ്രായ സര്‍വേകളില്‍ നേരിയ മുന്‍തൂക്കവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, കരുത്തു കാട്ടി ലേബര്‍, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് സര്‍വേ ഫലങ്ങള്‍. ഈ മാസം 8 നു നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സൂചനകള്‍. ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നത് കണസര്‍വേറ്റീവുകള്‍ക്ക് മുഖ്യ പ്രതിപക്ഷമാ!യ ലേബറിന്റെ മേല്‍ ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമേ ഉള്ളൂവെന്നാണ്.
ഈ സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി)യോടു ചേര്‍ന്നു ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഏപ്രില്‍ 18 നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിക്ക് ലേബറിനേക്കാള്‍ 19 ശതമാനം പിന്തുണ കൂടുതലുണ്ടായിരുന്നു. എന്നാല്‍ ഐടിവി, ഗുഡ്‌മോണിംഗ് ബ്രിട്ടന്‍ എന്നിവ നടത്തിയ സുര്‍വേഷന്‍ സര്‍വേയില്‍ യാഥാസ്ഥിതികര്‍ക്ക് 41.5 ശതമാനം, ലേബറിന് 40.4 ശതമാനം എന്നതാണ് നില.
ലണ്ടന്‍ പാലത്തില്‍ ഏഴു പേരെ കൊന്ന ഭീകരാക്രമണത്തിനു മുമ്പാണ് സര്‍വേ നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുണ്ടായ ഓരോ ഭീകരാക്രമണവും യാഥാസ്ഥിതികരുടെ പിന്തുണ കുറച്ചതായാണ് സൂചന. കഴിഞ്ഞ ആഴ്ചയില്‍ ബിബിസി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദത്തിന് ശേഷം പുറത്തുവന്ന അഭിപ്രായ സര്‍വേ നല്‍കുന്ന സൂചന ഭൂരിപക്ഷത്തിന് ആവശ്യമായതിലും 8 സീറ്റുകള്‍ വരെ കുറവായിരിക്കും കണ്‍സര്‍വേറ്റീവുകള്‍ നേടുക എന്നതാണ്.
യുഗേവ് അഭിപ്രായ സര്‍വേ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് 317 സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 324 സീറ്റുകള്‍ വേണം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ തുടക്കത്തില്‍ അത്ര ജനകീയന്‍ ആയിരുന്നില്ലെങ്കിലും ഇപ്പോള്‍ തെരേസ മേയ്‌ക്കൊപ്പം ജനപിന്തുണ നേടിയിട്ടുണ്ട്. ലണ്ടന്‍ ബ്രിജ് ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന തെരഞ്ഞെടുപ്പു പ്രചാരണം പുനരാരംഭിച്ചതോടെ എല്ലാ ശക്തിയുമെടുത്ത് അവസാന ഘട്ട പ്രചാരണ യുദ്ധത്തിലാണ് പാര്‍ട്ടികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല