സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, വീരനായകന്മാരായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാല്‍മറും. ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച ഭീകരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ കീത്ത് പാല്‍മര്‍ കുത്തേറ്റു മരിച്ചിരുന്നു. തിനഞ്ചു വര്‍ഷത്തോളമായി സര്‍വീസിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് നാല്‍പ്പത്തിയെട്ടുകാരനായ കീത്ത്.
സംഭവസ്ഥലത്തു തന്നെ മരിച്ച കീത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആയിരങ്ങളാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. മുമ്പു സൈന്യത്തില്‍ ജോലി ചെയ്തിരുന്ന കീത്ത് മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നുവെന്നു സഹപ്രവര്‍ത്തകര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ആക്രമണത്തെ തുടര്‍ന്ന് മുഴുവന്‍ എം പിമാരോടും പാര്‍ലിമെന്റില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സുരക്ഷാ സൈനികര്‍ ആവശ്യപ്പെട്ടപ്പോള്‍ കുത്തേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും പ്രശംസ പിടിച്ചുപറ്റി.
പാര്‍ലമെന്റ് പരിസരം മുഴുവന്‍ ആക്രമണ ഭീതിയില്‍ വെറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിനായി എല്‍വുഡ് മുന്നിട്ടിറങ്ങിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ എല്‍വുഡ് സുരക്ഷാ ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നല്‍കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മുഖത്തും കൈകളിലും രക്തക്കറയായ മന്ത്രിയുടെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിലും മന്ത്രി താരമായി.
2002 ലെ ബാലിയിലെ നിശാക്ലബ്ബിലുണ്ടായ ബോംബാക്രമണത്തില്‍ മന്ത്രിക്ക് സ്വന്തം സഹോദരനെ നഷ്ടപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനാകാത്തതില്‍ മന്ത്രിക്ക് കടുത്ത നിരാശയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല