സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. രാജ്യത്തെത്തി രണ്ടര വര്‍ഷമായിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കാത്തവരെ സ്വദേശത്തേയ്ക്ക് മടക്കിയയക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മുറി ഇംഗ്ലീഷ് സംസാരിക്കുന്നവരും, ഒട്ടും ഇംഗ്ലീഷ് ഉപയോഗിക്കാത്തവരുമായി രാജ്യത്ത് 190,000 മുസ്ലിം സ്ത്രീകളുണ്ടെന്ന് കാമറൂണ്‍ പറയുന്നു. ഈ പിന്നോക്ക നിലപാട് മാറ്റിയെടുക്കണം. ചില പുരുഷന്മാര്‍, തങ്ങളുടെ ഭാര്യയുടെയും മകളുടെയുമെല്ലാം സംസാര ഭാഷയുടെ കാര്യത്തില്‍ ബോധവാന്മാരല്ല. ഇംഗ്ലീഷ് സംസാരിക്കാനുള്ള ചെറിയ കഴിവുണ്ടെങ്കില്‍ ഇവിടെ ജീവിക്കാമെന്നാണ് പലരുടെയും വിശ്വാസം.
എന്നാല്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിലെ നിങ്ങളുടെ കഴിവ് വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെങ്കില്‍ ഓര്‍ത്തുകൊള്ളൂ, അത് യു.കെയില്‍ തുടരുന്നതിനുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുകയാവും ചെയ്യുക. ഇതുവരെ 20 മില്യന്‍ പൗണ്ടാണ് രാജ്യത്തെ സ്ത്രീകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചിലവഴിച്ചത്.
ഈ വര്‍ഷം ഒക്‌ടോബര്‍ ആകുന്നതോടെ പഠന കാലാവധി പൂര്‍ത്തിയാവുകയും പരീക്ഷകള്‍ ആരംഭിക്കുകയും ചെയ്യും. ഇംഗ്ലീഷ് അറിയില്ലാ എന്നതും രാജ്യദ്രോഹവും തമ്മില്‍ നേരിട്ട് ബന്ധമില്ല. എന്നാല്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതും കാരണമാവാമെന്നും കാമറൂണ്‍ ഓര്‍മ്മപ്പെടുത്തുന്നു. അടുത്തിടെ പുറത്തുവന്ന ഒരു ലേഖനത്തിലാണ് കാമറൂണിന്റെ പരാമര്‍ശങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല