സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് തുടക്കമായി, സ്ത്രീകള്‍ തലമറക്കണമെന്ന സൗദി നിയമത്തെ കണക്കിലെടുക്കാതെ പതിവു ശൈലിയില്‍ തെരേസാ മേയ്. തെരേസയുടെ സന്ദര്‍ശനം നിശ്ചയിച്ചതുമുതല്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൗതുകത്തോടെ കാത്തിരുന്ന കാര്യമായിരുന്നു സൗദിയില്‍ പ്രധാനമന്ത്രി തലയില്‍ സ്‌കാര്‍ഫ് അണിയുമോ എന്നത്. സൗദിയുടെ നിയമങ്ങളും ബ്രിട്ടനിലെ മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളും കണക്കിലെടുത്തു തെരേസ മേ തലമറയ്ക്കാന്‍ തയാറാകുമെന്നും ഇല്ലെന്നും രണ്ടു വാദങ്ങളുണ്ടായി.
സൗദിയില്‍ വനിതകള്‍ക്കുള്ള വസ്ത്രധാരണ നിയന്ത്രണങ്ങള്‍ പാലിക്കാതെ മനപൂര്‍വം തലമറയ്ക്കാതെയാതെ തെരേസ മേയ് റിയാദില്‍ എത്തിയതോടെ ചര്‍ച്ചകള്‍ക്കും വിരാമമായി. സൗദിയിലെ ആളുകള്‍ ഒരു വനിതാ നേതാവായി തന്നെ കാണുമെന്നാണു പ്രതീക്ഷയെന്നും വനിതകള്‍ക്ക് എന്തെല്ലാം നേടാനാകുമെന്നും നിര്‍ണായക സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുമെന്നും മനസിലാക്കുന്നതിനു തന്റെ സന്ദര്‍ശനം ഉപകരിക്കുമെന്നും സൗദിയിലേക്കു പുറപ്പെടുംമുമ്പ് തെരേസാ മേയ് പറഞ്ഞിരുന്നു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ സൗദിയില്‍ വാഹനമോടിക്കാനും വിദേശയാത്രയ്ക്കും പുരുഷന്മാരുമായി ഇടപഴകുന്നതിനും വനിതകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാട്ടുമെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ തെരെസ മേ വ്യക്തമാക്കിയിരുന്നു. സൗദി ഭരണകൂടം ചെറിയതോതില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തുടങ്ങിയിട്ടുണ്ടെന്നും നിലപാടുകളുടെ പേരില്‍ അവരെ ഒറ്റപ്പെടുത്തുന്നതിനു പകരം മാറ്റങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തുകയാണു വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യക്തമായ ഒരു സന്ദേശം നല്‍കാനാണ് തെരേസാ മേയ് മനപൂര്‍വം തലമറയ്ക്കാതെ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും വനിതകള്‍ക്ക് അവകാശമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നല്‍കുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ വാദം. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യാപാര വാണിജ്യ കരാറുകള്‍ ലക്ഷ്യമിട്ടാണു തെരേസ മേയുടെ രണ്ടു ദിവസത്തെ സൗദി സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല