1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2016

സ്വന്തം ലേഖകന്‍: ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭാര്യമാരായതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബ്രിട്ടണിലെ ബെത്‌നല്‍ ഗ്രീന്‍ അക്കാദമിയിലെ വിദ്യാര്‍ഥിനികളായിരുന്ന മൂന്ന് പെണ്‍കുട്ടികളാണ് ഐ.എസില്‍ ചേരുകയെന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പ് സിറിയയിലേക്ക് കടന്നത്.

ഷാമിനാ ബീഗം (16), കാദിശാ സുല്‍ത്താന (17), അമീരാ അബ്ബാസെ (16), എന്നീ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ഫെബ്രുവരി മുതലാണ് കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ സിറിയയില്‍ എത്തിയതായും ഐ.എസില്‍ അംഗങ്ങളായതായും കണ്ടെത്തിയിരുന്നു. 2014 ഡിസംബറില്‍ സിറിയയിലേക്ക് കടന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് മൂവരും ഐ.എസില്‍ എത്തിപ്പെട്ടത്. ഐ.എസിന്റെ നിര്‍ദേശപ്രകാരം കുട്ടികള്‍ ജിഹാദികളുടെ വധുവാകുകയും, ഇതില്‍ രണ്ടുപേര്‍ മാസങ്ങള്‍ക്കൊണ്ട് വിധവകളായിത്തീരുകയും ചെയ്തു.

സിറിയയില്‍ എത്തിയശേഷവും കുട്ടികള്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഇതില്‍ അവസാനമായി കുട്ടികളില്‍ ഒരാള്‍ കുടുംബവുമായി നടത്തിയ സംഭാഷണത്തില്‍ ബോംബുകള്‍ സമീപത്ത് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടിരുന്നതായും സംഭാഷണം പെട്ടെന്ന് അവസാനിച്ചതായും കുടുംബം വ്യക്തമാക്കുന്നു.

മൂന്ന് കുട്ടികളില്‍ ഒരാള്‍ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സിറിയയിലെ പ്രമുഖ കേന്ദ്രമായ റാഖയില്‍ മൊബൈലിന് ഐ.എസ് നിരോധനം ഏര്‍പ്പെടുത്തിയതായും എന്നാല്‍ ഇന്റര്‍നെറ്റിന് വിലക്കില്ലെന്നും കുട്ടി കുടുംബത്തെ അറിയിച്ചു.

2015 ഡിസംബറില്‍ നടത്തിയ സംഭാഷണത്തില്‍ മൂവരും നിലവില്‍ റാഖയിലാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനു ശേഷം കുട്ടികളുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.