സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പടക്കപ്പല്‍ സൗത്ത് ചൈനാ സമുദ്ര മേഖലയില്‍; ബ്രിട്ടന് മുന്നറിയിപ്പുമായി ചൈനയുടെ ഔദ്യോഗിക പത്രം. ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധക്കപ്പല്‍ സൗത്ത് ചൈനാ സമുദ്രത്തില്‍ പ്രവേശിച്ച നടപടി ബ്രിട്ടനും ചൈനയും തമ്മിലുള്ള ബന്ധം മോശമാക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈനാ ഡയ്‌ലി പത്രം മുന്നറിയിപ്പു നല്കി.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം ചൈനയുമായി നടപ്പാക്കാന്‍ ആലോചിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ സാധ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നടപടിയാണിതെന്ന് പത്രം ചൂണ്ടിക്കാട്ടി. കരാര്‍ യാഥാര്‍ഥ്യത്തിലാക്കാന്‍ കഴിഞ്ഞമാസം ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടന്റെ സാന്പത്തിക ഭദ്രതയ്ക്ക് കരാര്‍ പ്രയോജനം ചെയ്യും. എന്നാല്‍ ചൈനയുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന നടപടി കരാറിന്റെ സാധ്യതയ്ക്കു മങ്ങലേല്പിക്കുമെന്ന് പത്രം പറഞ്ഞു.
എച്ച്എംഎസ് ആല്‍ബിയോണ്‍ എന്ന കപ്പല്‍ കിഴക്കന്‍ ചൈനാക്കടലിലെ പരാസോള്‍ ദ്വീപിനു സമീപം എത്തുകയായിരുന്നു. തുടര്‍ന്ന് ചൈന യുദ്ധക്കപ്പലും ഹെലികോപ്റ്ററും അയച്ചെങ്കിലും സംഘര്‍ഷം ഉണ്ടായില്ല. ചൈനയുടെ കൈവശമുള്ള ഈ ദ്വീപിനായി വിയറ്റ്‌നാമും തായ്‌വാനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കൂടാതെ പ്രധാന ജല വാണിജ്യപാത ഉള്‍പ്പെടുന്ന കിഴക്കന്‍ ചൈനാക്കടല്‍ മുഴുവനായി തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല