വിവാഹം സ്വര്‍ഗത്തില്‍ വെച്ചല്ല്ല ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചാണ് നടക്കേണ്ടതെന്ന ബ്രിട്ടീഷുകാരിയുടെയും ഫ്രാഞ്ചുകാരന്റെയും മോഹം അങ്ങനെ പൂവണിഞ്ഞു. അഗ്‌നിയെയും ആദിവാസികളെയും സാക്ഷിയാക്കി ഫ്രഞ്ച് പൗരന്‍ എറിക് കെല്ല ഇംഗ്ലണ്ടുകാരി അഞ്ജലി സൗടനെ കല്യാണം കഴിച്ചപ്പോള്‍ അതിനു സാക്ഷിയായത് വയനാട്ടിലെ കുറുവ ദ്വീപിലുള്ള നാല് ഗ്രാമങ്ങളായിരുന്നു. ആയുര്‍വേദ യോഗ വില്ലയില്‍ ഭാരതീയ പാരമ്പര്യ പ്രകാരം തിങ്കളാഴ്ചയായിരുന്നു കല്യാണം.
ബ്രാഹ്മണ ആചാരമനുസരിച്ച് നടന്ന വിവാഹത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കുറുവയിലെയും പരിസരത്തെയും ആദിവാസികളും പങ്കെടുത്തു. വിവാഹത്തിനൊടുവില്‍ 26 വിഭവങ്ങളുള്ള സദ്യ കഴിച്ചു വധൂ വരന്മാരെ അനുഗ്രഹിക്കാന്‍ എത്തിയത് നാല് ഗ്രാമങ്ങള്‍ ആയിരുന്നു എന്നതാണ് ചടങ്ങിനു മാറ്റ് കൂട്ടിയത്.
യോഗവില്ലയിലെ ഗണപതിക്ഷേത്ര മണ്ഡപത്തില്‍ ഒരുക്കിയ വേദിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വധുവിനെ പൂര്‍ണകുംഭം നല്‍കി താലപ്പൊലി, നാദസ്വരം, ചെണ്ട എന്നിവയുടെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് ആനയിച്ചുപ്പോള്‍ വരന്‍ ആനപ്പുറത്താണ് എഴുന്നള്ളിയത്. രണ്ടരമണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ അഗ്‌നിസാക്ഷിയായി എറിക് അഞ്ജലിയെ വരണമാല്യം ചാര്‍ത്തി താലിയണിയിച്ചു. തുടര്‍ന്ന് 26 വിഭവങ്ങളടങ്ങിയ കല്യാണ സദ്യ.
ആദിവാസിക്കുടികളില്‍ നേരിട്ടെത്തിയാണ് എറിക്കും അഞ്ജലിയും കല്യാണം ക്ഷണിച്ചത്. പാല്‍വെളിച്ചം, കവിക്കല്‍, പടമല, ചാലിഗദ്ദ എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സദ്യനല്‍കി ഇവര്‍ വിവാഹ മധുരം പങ്കിട്ടു. മാസങ്ങള്‍ക്ക് മുമ്പ് ആയുര്‍വേദ യോഗ വില്ലയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു ഇരുവരും. ഇന്ത്യന്‍ രീതിയില്‍ വിവാഹിതരാകണമെന്ന ഇവരുടെ ആഗ്രഹം നടത്തിക്കൊടുത്തത് വില്ലയുടെ ഉടമയും ഫിന്‍ലന്‍ഡില്‍ താമസക്കാരനുമായ പൂവത്തുകുന്നേല്‍ അജയകുമാറാണ്. അഞ്ജലിക്ക് ചാര്‍ത്താനുള്ള താലിമാല വാങ്ങിനല്‍കിയതും യോഗ വില്ലയുടെ ഭാരവാഹികളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല