മരിച്ചുപോയ മകളുടെ അണ്ഡം ഉപയോഗിച്ച് ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വനിത കോടതിയില്‍. തന്റെ മകള്‍ മരിക്കുന്നതിന് മുന്‍പായി തന്റെ കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടിയാണ് 57കാരിയായ സ്ത്രീയും അവരുടെ ഭര്‍ത്താവും കോടതിയെ സമീപിച്ചിരിക്കുന്നത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന സമയത്ത് പെണ്‍കുട്ടി അണ്ഡങ്ങള്‍ ഫ്രീസ് ചെയ്യിപ്പിച്ചിരുന്നു. ഈ അണ്ഡങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്നാണ് സ്ത്രീയുടെ ആവശ്യം. ബ്രിട്ടീഷ് കോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ ഇത്തരത്തിലൊരു ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്.
യുകെയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ഇവരുടെ ആവശ്യം നിരാകരിച്ചു. അണ്ഡങ്ങള്‍ യുഎസിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യം ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രിയോളജി അഥോറിറ്റി നിരസിച്ചു. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ സ്ത്രീ കോടതിയെ സമീപിച്ചിരിക്കുന്നത്.
പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പായി തന്റെ അണ്ഡം മാതാവിന് നല്‍കണമെന്ന് എഴുതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞാണ് എച്ച്എഫ്ഇഎ യുഎസിലേക്ക് അണ്ഡങ്ങള്‍ കയറ്റിവിടാനുള്ള അപേക്ഷ നിരസിച്ചത്. തങ്ങള്‍ക്ക് ഇവരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് വേണ്ടത് തെളിവുകളാണെന്നതാണ് എച്ച്എഫ്ഇഎയുടെ നിലപാട്.
കോടതി കൂടി അവരുടെ ആവശ്യം നിരാകരിച്ചാല്‍ അണ്ഡങ്ങള്‍ നശിപ്പിച്ചു കളയും. സ്റ്റോര്‍ ചെയ്ത തിയതിയില്‍നിന്ന് പത്ത് വര്‍ഷമാകുമ്പോഴാണ് സാധാരണ ഫ്രീസ് ചെയ്ത് വെച്ചിരിക്കുന്ന അണ്ഡങ്ങള്‍ നശിപ്പിച്ചുകളയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല