കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് പാര്‍ക്കില്‍ ഈ വേനല്‍ക്കാലത്ത് അവധിക്കാലം ആഘോഷിക്കാനെത്തിയവര്‍ക്ക് മാരക രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എലി പരത്തുന്ന ഒരു മാരകരോഗമാണ് ഈ പാര്‍ക്ക് സന്ദര്‍ശിച്ചവര്‍ക്ക് പിടിപെട്ടിരിക്കുന്നത്. ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുന്നത്. പാര്‍ക്ക് സന്ദര്‍ശിച്ച രണ്ട് പേര് കൂടി കഴിഞ്ഞദിവസം രോഗം ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയുടെ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാര്‍ക്ക് സന്ദര്‍ശിച്ച പത്ത് പേരിലാണ് നിലവില്‍ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നാല് പേര് മരിച്ചു. നാല് പേര് രോഗത്തില്‍ നിന്ന് രക്ഷപെട്ടതായും സെന്റര്‍ അറിയിച്ചു. ഹന്റാ വൈറസ് പള്മിണറി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഓരോ വര്‍ഷവും നാല് മില്യണിലധികം ആളുകളാണ് യോസ്മൈറ്റ് പാര്‍ക്ക് സന്ദര്‍ശിക്കാനായി എത്തുന്നത്. പാര്‍ക്കിലെ പ്രധാന ക്യാമ്പായ കറി വില്ലേജില്‍ താമസിച്ചിരുന്നവര്‍ക്കാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്.
വേനല്് അവധിക്കാലത്ത് പാര്‍ക്കിലെ സിഗ്നേച്ചര്‍ ടെന്റ് കാബിനുകള്‍ ബുക്ക് ചെയ്തിരുന്ന ഏതാണ്ട് പതിനായിരത്തിലധികം ടൂറിസ്റ്റുകളില്‍ 3000ത്തോളം പേരെ പാര്‍ക്ക് അധികൃതരും സിഡിസിയും ബന്ധ്പ്പെട്ട് കഴിഞ്ഞു. ജൂണ്‍ പത്തിനും ആഗസ്റ്റ് 24നും ഇടയില്‍ ക്യാമ്പില്‍ താമസിച്ചിരുന്നവര്‍ക്ക് അടുത്ത ആറാഴ്ചയ്ക്കുളളില്‍ എച്ച്പിഎസ് വരാനുളള സാധ്യത ഏറെയാണന്നാണ് സിഡിസിയുടെ മുന്നറിയിപ്പ്. എലികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന കഴിഞ്ഞയാഴ്ച പാര്‍ക്കിലെ 91 ഇന്‍സുലേറ്റഡ് കാബിനുകള്‍ പാര്‍ക്ക് അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു.
കാബിനുകളുടെ ഭിത്തികള്‍ക്കിടയിലെ ദ്വാരങ്ങളിലാണ് ഈ എലികളുടെ വാസം. എലികളുടെ ഉമിനീര്, വിസര്‍ജ്ജ്യം എന്നിവയിലൂടെയാണ് ഹന്റാ വൈറസ് പടരുന്നത്. ഇവ വീണ ആഹാരം കഴിക്കുകയോ വിസര്‍ജ്ജ്യം പുരണ്ട പ്രതലങ്ങളില്‍ പിടി്്ക്കുകയോ എലിയുടെ കടിയേല്‍ക്കുകയോ ചെയ്താല്‍ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. വൈറസ് ബാധയേറ്റ്് ആറാഴ്ചക്കുളളില്‍ രോഗ ലക്ഷണങ്ങള്‍ പുറത്ത് വന്നു തുടങ്ങും. പനി, തലവേദന, പേശീ വേദന, ചുമ, ശ്വാസതടസ്സം, തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല.
മരിച്ച നാല് പേരും അമേരിക്കക്കാരാണ്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹന്റാ വൈറസിനെതിരേ ഇതുവരെ യാതൊരു മരുന്നും കണ്ട് പിടിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. രക്ത പരിശോധന വഴി രോഗബാധ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ നല്‍കുക മാത്രമാണ് ഇതില്‍ നിന്ന് രക്ഷനേടാനുളള പ്രതിവിധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല