ബ്രിട്ടീഷുകാര്‍ കാണംവിറ്റും ക്രിസ്മസ് ഉണ്ണുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഓരോ ദിവസവും ബ്രിട്ടീഷുകാര്‍ ക്രിസ്മസ് ചന്തയിലും മറ്റും പൊടിപൊടിക്കുന്നത് കോടിക്കണക്കിന് പൗണ്ടാണ്. വൈനും കേക്കും ക്രിസ്മസ് സമ്മാനങ്ങളുമായി ഓരോ ബ്രിട്ടീഷ് പൗരനും ആഹ്ലാദതിമിര്‍പ്പിലാണ്. മക്കള്‍ക്ക് മികച്ച ക്രിസ്മസ് സമ്മാനം വാങ്ങുക, മാതാപിതാക്കള്‍ക്ക് മുന്തിയയിനം കേക്കും വൈനും വാങ്ങുക തുടങ്ങിയ സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യുന്ന ബ്രിട്ടീഷുകാര്‍ ക്രിസ്മസിനുശേഷം എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നതേയില്ല. ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ ആഹ്ലാദത്തിന്റേത് മാത്രമാണ് എന്നാണ് ബ്രിട്ടീഷുകാരുടെ സിദ്ധാന്തം.
ഇന്നലത്തെ ക്രിസ്മസ് ചന്തയില്‍ ബ്രിട്ടീഷുകാര്‍ പൊടിച്ചത് രണ്ട് ബില്യണ്‍ പൗണ്ടാണ്. ഇന്നും രണ്ട് ബില്യണ്‍ പൗണ്ട് പൊടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നാളെ ചുമ്മാതെ ചിലവാക്കാന്‍ പോകുന്നത് 410 മില്യണ്‍ പൗണ്ടാണ്. അങ്ങനെ ക്രിസ്മസിന്റെ മൂന്നുദിവസത്തെ ആഘോഷത്തിന് മാത്രം ബ്രിട്ടീഷുകാര്‍ നല്ലൊരു തുക ചിലവാക്കിയെന്ന് പറയാം.
ഇന്നത്തെ രാവും പകലും വിലപേശലിന്റേതാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരം ഇന്ന് വിലപേശി വാങ്ങും. നല്ലയിനം കേക്കും വൈനും കുറ്റനാടിന്റെ തുടയുമെല്ലാം വിലപേശിയെടുക്കാം. ക്രിസ്മസ് ദിവസമായ നാളെ 12.5 മില്യണ്‍ ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് നടത്തുമെന്നാണ് വിചാരിക്കുന്നത്. ഓരോരുത്തരും കുറഞ്ഞത് 158 പൗണ്ടെങ്കിലും ചെലവാക്കുമെന്നും കരുതപ്പെടുന്നു.
ചില ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ എണ്‍പത് ശതമാനംവരെ വിലക്കിഴിവാണ് ഉത്സവകാലത്ത് നല്‍കുന്നത്. ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞ വീട്ടില്‍ തിരിച്ചെത്തുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനം വാങ്ങാനായി ഓണ്‍ലൈന്‍ സൈറ്റുകളില്‍ കയറും. ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ വിലപേശലിനൊന്നും നില്‍ക്കാതെ നേരെയങ്ങ് സാധനം വാങ്ങും. ക്രിസ്മസല്ലെ രണ്ടെണ്ണം അടിച്ചുകഴിഞ്ഞാല്‍ പിന്നെന്ത് വിലപേശല്‍. അത്തരം ആള്‍ക്കാരിലാണ് ഞങ്ങളുടെ പ്രതീക്ഷ. ചില ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങളുടെ മേധാവികളുടെ വാക്കുകളാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല