സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായി ലൈക്ക് വാരിക്കൂട്ടി ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. ബ്രിട്ടനിലെ നോയല്‍ റാഡ്‌ഫോര്‍ഡ്, സൂസന്ന റാഡ്‌ഫോര്‍ഡ് ദമ്പതികളുടെ കുടുംബമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. 19 മക്കളാണ് ഇവര്‍ക്കുള്ളത്. 10 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും. ഇപ്പോള്‍ 20മത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് 42കാരിയായ സൂസന്ന. ഇവരുടെ 19 മത്തെ കുട്ടിയായ പെണ്‍കുഞ്ഞ് ഫോയ്‌ബെ പിറന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു.
നിലവില്‍ ഏറ്റവും ഇളയ കുട്ടിയായ ഫോയ്‌ബെ എന്ന ഒരു വയസുകാരിയുടെ ഏറ്റവും മൂത്ത ചേട്ടനായ ക്രിസിന് 27 വയസാണുള്ളത്. സോഫി(22), ക്ലോയ്(21), ജാക്ക്(19), ഡാനിയേല്‍(17), ലൂക്ക്(15),മില്ലി(14), കാത്തി(13), ജെയിംസ്(12), എല്ലി(11), എയ്മി(10), ജോഷ്(9), മാക്‌സ്(7), ടില്ലി(6),ഓസ്‌കര്‍(4), കാസ്പര്‍(3), കൈക്കുഞ്ഞായ ഹാലി എന്നിവരാണ് മറ്റു മക്കള്‍. ജൂലൈ 2014ല്‍ ഇവര്‍ക്കൊരു കുഞ്ഞിനെ 23 ആഴ്ച ഗര്‍ഭത്തിലിരിക്കെ നഷ്ടപ്പെട്ടിരുന്നു. ഈ കുട്ടിയെ ഇവര്‍ ആല്‍ഫി എന്നാണ് വിളിക്കുന്നത്.
240,000 പൗണ്ട് വിലയുള്ള വിക്ടോറിയന്‍ ഹൗസിലാണ് ഈ കുടുംബം താമസിക്കുന്നത്. മുന്‍പ് ഒരു കെയര്‍ഹോമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം 11 വര്‍ഷം മുമ്പ് ദമ്പതികള്‍ വാങ്ങുകയായിരുന്നു. ആദ്യ കുട്ടി ജനിച്ച് നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ ദമ്പതികള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. വിവാഹത്തിന് ശേഷം അധികം വൈകാതെ രണ്ടാമത്തെ കുട്ടിയും ജനിച്ചു. തന്റെ കുടുംബ ബേക്കറിയില്‍ 11 മണിക്കൂര്‍ ജോലി ചെയ്താണ് റാഡ്‌ഫോര്‍ഡ് മക്കളെ വളര്‍ത്തുന്നത്.
മൂത്ത മക്കള്‍ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്. ആഴ്ചയില്‍ ഫുഡ് ഷോപ്പിംഗിനായി കുടുംബം 300 പൗണ്ട് ചെലവഴിക്കുന്നു. നിത്യേന 18 പിന്റ്‌സ് പാലും മൂന്ന് ലിറ്റര്‍ ജ്യൂസും മൂന്ന് ബോക്‌സ് പയര്‍ വര്‍ഗങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. കുട്ടികളുടെ പിറന്നാള്‍ വരുമ്പോള്‍ ഇവര്‍ 100 പൗണ്ടാണ് സമ്മാനം വാങ്ങാന്‍ ചിലവാക്കുന്നത്. രാവിലെ നേരത്തെ ജോലിയാരംഭിക്കുന്ന റാഡ്‌ഫോര്‍ഡ് രാവിലെ 7.45ന് കുട്ടികളെയെല്ലാം നഴ്‌സറിയിലും സ്‌കൂളിലുമാക്കി തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല