ശാലോം ടിവി ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പദവി. ബനഡിക്റ്റ് പതിനാറാമന്‍ മാര്പാപ്പായില് നിന്ന് ലഭിച്ച ഷെവലിയര്‍ പുരസ്കാരം ലോകം മുഴുവന്‍ വചനം പ്രഗോഷിക്കുന്ന ഏറ്റവും മികച്ച മാധ്യമം, ഏറ്റവും ശക്തമായ മധ്യസ്ത്ത പ്രാര്‍ത്ഥനാ കൂട്ടായ്മ്മ സമ്പന്നമായ അല്മായ ശബ്ധം, എന്നിവയുടെമേല്‍ ദൈവത്തിന്റെ അംഗീകാരം ആണെന്ന് തീര്‍ച്ച. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കിയ കര്‍ത്താവ് കനിഞ്ഞനുഗ്രഹിച്ചു തെരഞ്ഞെടുക്കപ്പെട്ട ശാലോം ഒന്നുമില്ലായ്മ്മയില്‍ നിന്ന് കൊണ്ട് തന്നെ ലോകം മുഴുവന്‍ ദൈവ വേലയില്‍ ‘ ധാരാളിത്തം’ വാരി നല്കുവാന് കഴിയുന്നത് ആ ദിവ്യ ശക്തിയുടെ ജീവിക്കുന്ന സാക്ഷ്യം മാത്രം.
പഴയ നിയമത്തില്‍ ലോക ജനതയെ നയിക്കുന്നതിന് മോശയെ നിയോഗിച്ച ദൈവം തന്റെ ശുശ്രുക്ഷകനായി നമ്മള്‍ക്കായി തിരെഞ്ഞെടുത്ത ബെന്നി ബ്രതര് കത്തോലിക്ക സഭയുടെ പ്രേഷിത പ്രവര്‍ത്തകരില്‍ സഭയുടെ ഏറ്റവും മികച്ച അംഗീകാരം നേടിയിരിക്കുന്നു. ഓരോ നിമിഷവും ഒരു ആല്മ്മാവ് എങ്കിലും രക്ഷിക്കപ്പെടുവാന്‍ ഉതകുന്ന പ്രാര്‍ഥനയും, വചനവും, സന്ദേശവും ഏതൊരു മാധ്യമത്തെക്കാളും വളരെ ആകര്‍ഷകവും, അനായാസേന അപഗ്രധിക്കുവാന്‍ തരത്തിലും ഏറെ മൂര്‍ച്ചയോടെ നന്മ്മയ്ടെ വാതായനം തുറന്നിട്ടിരിക്കുന്ന ഈ ലോകത്തിന്റെ അത്മീയ നീരുറവയായ ശലോമിന്റെ അന്ഗീകാരമാണ് ബെന്നി പുന്നത്തറയെ തേടിയെത്തിയിരിക്കുന്ന ഷെവലിയാര്‍ പദവി.
കേരള കത്തോലിക്കാ സഭയ്ക്ക് ശാലോം ശുശ്രൂഷകള്‍ നല്കുന്ന സേവനം അതുല്യമാന്. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപും സി.ബി.സി.ഐ വൈസ് പ്രസിഡന്റുമായ മാര്‍ ബസേലിയോസ് ക്ലീമിസ് ഷെവലിയര്‍ പുരസ്കാരം സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വ്യവസ്ഥാപിതമായ നമ്മുടെ അജപാലനത്തിനപ്പുറത്തേക്ക് സുവിശേഷത്തെ കൊണ്ടെത്തിക്കുവാന്‍ പരിശുദ്ധാത്മാവ് കയ്യൊപ്പ് നല്കി അനുഗ്രഹിച്ച ശുശ്രൂഷയാണ് ശാലോമിന്റേത്. ലോകമെങ്ങും അറിയപ്പെടുന്ന ശുശ്രൂഷ എന്നതിനപ്പുറത്ത് ലോകമെങ്ങും അറിയപ്പെടേണ്ട സുവിശേഷത്തിന്റെ പ്രചാരകരായി ഒരു കുടുംബം, പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ട് പരിശുദ്ധ സഭയില്‍ ശ്രദ്ധേയമായ സ്ഥാനത്ത് എത്തിയിരിക്കുന്നു.
സുവിശേഷം ലോകമെമ്പാടും സകല മനുഷ്യരും അറിയണം. ആ ലക്ഷ്യത്തോടെ ആത്മാവിന്റെ വരദാനങ്ങള്‍ക്ക്, പ്രാധാന്യം നല്കിയ പ്രസ്ഥാനമാണ് ശാലോം. കേരളസഭയുടെയും ഭാരതസഭയുടെയും സവിശേഷമായ നവജീവിതത്തിന് സി.ജെ വര്‍ക്കിയച്ചന്റെ പൗരോഹിത്യശുശ്രൂഷയും അദ്ദേഹത്തിന്റെ ആത്മാഭിഷേകവും വഴി തെളിച്ചിട്ടുണ്ട്. വര്‍ക്കിയച്ചന്റെ പൗരോഹിത്യ ശുശ്രൂഷയില്‍ അദ്ദേഹം കണ്ടുമുട്ടിയ ദൈവത്തിന്റെ വിശ്വസ്തനായ മകന്, ബെന്നി പുന്നത്തറ ഇപ്പോള്‍ പരിശുദ്ധ പിതാവിന്റെ മഹോന്നത ബഹുമതിക്ക് അര്‍ഹനായത്
നിരാശയിലാണ്ടുപോയവരെ പ്രത്യാശയിലേക്ക് നയിക്കാനും തളര്‍ന്ന് പോയവരെ പുതുജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരുവാനും ഈ ശുശ്രൂഷ കാരണമായിട്ടുണ്ട്. ലോകത്തില്‍ ദൈവം കഴിഞ്ഞാല്‍ ആദരിക്കപ്പെടേണ്ടത് വസ്തുക്കളെയല്ല, ദൈവമക്കളെയാണ്. ദൈവത്തേക്കാള്‍ വസ്തുക്കളെ വിലമതിക്കുന്ന വര്‍ത്തമാന കാലത്തില്‍ ദൈവകൃപയുടെ ആഴങ്ങളിലേക്ക് മനസുയര്‍ത്തുവാനാണ് ശാലോം ശുശ്രൂഷകള്‍ ലോകത്തെ പഠിപ്പിക്കുന്നത്. ശാലോമിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ പരിശുദ്ധാത്മാവ് ഈ ശുശ്രൂഷയെ സ്നേഹിക്കുന്നു എന്നുള്ളതാണ്. കുടുംബങ്ങള്‍ക്ക് ശക്തിയും യുവാക്കള്‍ക്ക് നന്മയിലേക്കുള്ള തെളിച്ചവും സഭയ്ക്ക് അനുഗ്രഹവും തുടര്‍ന്നും ശാലോം വഴി ലഭിക്കട്ടെയെന്ന് മാര്‍ ക്ലീമിസ് ആശംസിച്ചു.
പേപ്പല്‍ ബഹുമതി സമര്‍പ്പണത്തിന്റെ ഭാഗമായി പൗരസ്ത്യതിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയോനാര്‍ഡോ സാന്ദ്രിയുടെ അറിയിപ്പ് ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസും മാര്‍പാപ്പായുടെ ഔദ്യോഗിക കല്പന ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കലും വായിച്ചു. കരഘോഷങ്ങളുടെ മധ്യത്തില്‍ പേപ്പല്‍ ബഹുമതി മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ ബെന്നി പുന്നത്തറയ്ക്ക് കൈമാറുകയും സ്ഥാനചിഹ്നം അണിയിക്കുകയും ചെയ്തു. തുടര്‍ന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ബെന്നി പുന്നത്തറയ്ക്ക് ബൊക്ക നല്കി. ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ രൂപതാ മെത്രാനും സി.സി.ബി.ഐ ജനറല്‍ സെക്രട്ടറിയുമായ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
ലോകത്തെ പ്രകാശിപ്പിക്കുന്ന വിളക്കായി ശാലോം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുറപ്പാടില്‍ നാം വായിക്കുന്നു, സമാഗമകൂടാരം പണിതുയര്‍ത്താന്‍ നിശ്ചയിക്കപ്പെട്ട വ്യക്തിയെക്കുറിച്ച്. ഇസ്രായേല്‍ ജനം ആശ്വാസമില്ലാതെ അലഞ്ഞപ്പോഴാണ് ദൈവം മോശയെ അയച്ച് കൊടുത്തത്. ബെന്നിയെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളി സ്റ്റെല്ലയെയും ദൈവം ഇന്ന് ഉയര്‍ത്തിയത് മനുഷ്യന്റെ ചുട്ടുനീറുന്ന ദുഃഖങ്ങള്‍ക്കുള്ള ഉത്തരമാണെന്ന് ഞാന്‍ കരുതുന്നു. ദൈവത്തിന്റെ തണലില്‍ ജീവിക്കുകയും അനേകായിരങ്ങളെ ആ തണലിലേക്ക് നയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബെന്നി പുന്നത്തറ. ഇതുപോലെ ഇതര മതസ്ഥര്‍ക്ക് ദൈവസ്നേഹം ലഭിക്കുന്ന അഞ്ചാം സുവിശേഷമായി നമ്മുടെ ജീവിതങ്ങളും മാറണം. ആത്മാഭിഷേകമുള്ള ശാലോം ശുശ്രൂഷകളുടെ തണലില്‍ വിങ്ങുന്ന മാനസങ്ങള്‍ക്ക് എക്കാലവും കുളിര്‍മ്മ ലഭിക്കട്ടെ. അദ്ദേഹം ആശംസിച്ചു.
ശാലോം പ്രസിദ്ധീകരണങ്ങള്‍ ഇന്ന് ലോകമെമ്പാടുമെത്തുമ്പോള്‍ അതു വഴി അനുഗ്രഹിക്കപ്പെടുന്ന ജീവിതങ്ങളെ ഓര്‍ത്ത് സന്തോഷമുണ്ടെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. യുഗയുഗാന്തരങ്ങളിലായി നമുക്ക് വെളിപ്പെടുത്തപ്പെട്ട ക്രിസ്തുവിനെ ഇന്ന് നാം അനുഭവിച്ചറിയുന്നത് സഭയിലൂടെയാണ്. ഒരേ സമയം കുഞ്ഞാടാകുകയും ബലിപീഠമാകുകയും ദേവലായമാകുകയും ചെയ്യുന്ന യേശുവിന്റെ ജീവിതം നമുക്ക് നല്കുന്ന ആ രഹസ്യങ്ങളുടെ വലിയ ചുരുളുകള്‍ സഭാ ചരിത്രത്തിലൂടെ അഴിയപ്പെടുന്നതിന് നാം കാതോര്‍ക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം യഹൂദര്‍ക്ക് പിന്നീടൊരു ദേവാലയം പുന:സ്ഥാപിക്കാന്‍ സാധിച്ചില്ല എന്നുള്ളതും അവരുടെ പൗരോഹിത്യം തുടരാന്‍ കഴിഞ്ഞില്ല എന്നുള്ളതും ചരിത്ര യാഥാര്‍ഥ്യമാണ്. ദൈവിക രഹസ്യങ്ങളോടും സഭയോടും ചേര്‍ന്ന് പോകുന്ന ശാലോം ശുശ്രൂഷകളെ സഭ എന്നും ആദരവോടെ കാണുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയ്ക്കും സമൂഹത്തിനും കിട്ടിയ മഹത്തായ ദാനമാണ് ബെന്നി പുന്നത്തറയുടെ നേതൃത്വത്തിലുള്ള ശാലോം ശുശ്രൂഷകളെന്ന് ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് വ്യക്തമാക്കി. മാധ്യമങ്ങള്‍ ലോകത്തെ അശുദ്ധമാക്കുമ്പോള്‍ ലോകത്തോട് ദൈവകൃപകളെക്കുറിച്ച് വര്‍ണ്ണിക്കുകയാണ് ശാലോം ചെയ്യുന്നത്. കുരിശുകള്‍ ക്രിസ്തു നല്കുന്ന സമ്മാനമാകുമ്പോള്‍ സഹനം പരിശുദ്ധാത്മാവിന്റെ ദാനമായി കാണണമെന്ന് ശാലോം ഓര്‍മ്മിപ്പിക്കുന്നു. അസ്വസ്ഥതകളുടെയും വേദനകളുടെയും നടുവിലിരുന്ന് തേങ്ങിക്കരയാതെ തിരുവചനത്തിലൂടെ ദൈവത്തില്‍ ആശ്രയിക്കാനാണ് ശാലോം ശുശ്രൂഷകള്‍ പഠിപ്പിക്കുന്നത്. ഇത് അനേകായിരങ്ങളുടെ ജീവിതത്തെ പരിവര്‍ത്തനപ്പെടുന്ന പാഠമാണ്. പ്രതിസന്ധികളുടെ മധ്യത്തിലൂടെ കടന്നുപോകുമ്പോഴും സുവിശേഷാഗ്നിയില്‍ നിറയപ്പെടുന്നവരാകാന്‍ ശാലോം ശുശ്രൂഷകര്‍ക്ക് കഴിയട്ടെ. അദ്ദേഹം ആശംസിച്ചു.
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ജനതയാണ് ശാലോം കുടുംബമെന്ന് കോഴിക്കോട് രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിലും ജനത്തെ നയിക്കാന്‍ ഓരോ നേതാക്കന്മാരെ ദൈവം വെളിപ്പെടുത്തി തരും. ഇക്കാലഘട്ടത്തില്‍ ജനത്തെ ആത്മീയാനുഭവത്തിലേക്ക് നയിക്കുക എന്നുള്ള മഹാദൗത്യമാണ് ശാലോമിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജോയ്സ്, പെരുവണ്ണാമൂഴി ഫാത്തിമമാതാ ദേവാലയ വികാരി ഫാ.ജോര്‍ജ് ചെമ്പരത്തി, സണ്‍ഡേ ശാലോം അസോസിയേററ് എഡിറ്റര്‍ ഫാ.ജോസഫ് വയലില്‍ സി.എം.ഐ എന്നിവര്‍ പ്രസംഗിച്ചു. ഷെവ. ബെന്നി പുന്നത്തറ മറുപടി പറഞ്ഞു. ശാലോം മാനേജിംഗ് ട്രസ്റ്റി പ്രഫ.കെ.ജെ മാത്യു സ്വാഗതവും ശാലോം ടെലിവിഷന്‍ സീനിയര്‍ മാനേജര്‍ സക്കറിയാസ് അഗസ്റ്റിന് നന്ദിയും പറഞ്ഞു.
മലയാളികളെ ഏറെ സ്വാധീനിച്ച ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന ബെന്നി പുന്നത്തറയുടെ പുസ്തകത്തിന്റെ സ്പാനീഷ് പതിപ്പ് ആദ്യ കോപ്പി സ്റ്റെല്ലാ ബെന്നിക്ക് നല്‍കികൊണ്ട് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ശാലോം ടൈംസ് തമിഴ് പതിപ്പിന്റെ പ്രകാശനം ജോസഫ് മാര്‍ തോമസും നിര്‍വഹിച്ചു. ബെന്നി സാര്‍ നല്കിയ മറുപടി പ്രസംഗത്തില്‍ ‘ എന്റെ എല്ലാ വളര്‍ച്ചയ്ക്കും പിന്നിലുളളത് ദൈവം നല്കിയ ആത്മീയ ഗുരുക്കന്മാരാണ്. ഞാന്‍ അവരെ നന്ദിയോടെ ഓര്‍ക്കുന്നു. രണ്ട് വ്യക്തികളെ മാത്രം ഞാന്‍ പ്രത്യേകം അനുസ്മരിക്കുകയാണ്. ആദ്യകാലത്ത് എന്റെ ആത്മീയ പിതാവായിരുന്ന ഫാ.അഗസ്റ്റിന് തുരുത്തിമറ്റവും, പില്ക്കാലത്ത് എന്നെ വളര്‍ത്തിയ മോണ്‍. സി.ജെ വര്‍ക്കിയച്ചനും.
1983 ല്‍ ഞാന്‍ ആദ്യമായി കുളത്തുവയലില്‍ വെച്ച് വര്‍ക്കിയച്ചനെ കണ്ടപ്പോള്‍ അച്ചനെന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് ശേഷം എന്നോട് പറഞ്ഞു. ”ഇത് ബെന്നിയുടെ വീടാണ്. ബെന്നിക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം.” വിവാഹത്തിന് മുമ്പ് ഞാന്‍ പലപ്പോഴും അച്ചന് താമസിച്ചിരുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. അച്ചനാണ് എന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശങ്ങളിലും കൂടെ കൊണ്ടുപോവുകയും പരിശീലിപ്പിക്കുകയും ചെയ്തത്. അച്ചന്റെ പിതൃതുല്യമായ വാത്സല്യവും സ്നേഹവും മാര്‍ഗദര്‍ശനവും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തികച്ചും നിസ്സഹായനാകുമമായിരുന്നു. ബഹുമാനപ്പെട്ട വര്‍ക്കിയച്ചന്റെ പാവനസ്മരണയ്ക്ക് മുന്നില്‍ ഞാന്‍ ആദരഞ്ജലികളര്‍പ്പിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ശാലോമിന്റെ വിജയത്തിന് പിന്നില്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയും ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എന്റെ സഹശുശ്രൂഷകരാണ്. ഞാന്‍ ദൈവത്തില്‍ നിന്നും ദര്‍ശനങ്ങള്‍ സ്വീകരിച്ച് മറ്റുള്ളവര്‍ക്ക് പങ്കുവച്ച് കൊടുക്കുക മാത്രമേയുള്ളൂ. എന്നെക്കാള്‍ പ്രാര്‍ത്ഥിക്കുകയും സഭയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് വ്യക്തികള്‍ ശാലോമിനകത്തും പുറത്തുമുണ്ട്. യഥാര്‍ത്ഥത്തില്‍ അവരാണ് അംഗീകാരത്തിന് അര്‍ഹതയുള്ളവര്‍. അതുപോലെ തന്നെ ദൈവം നല്കിയ സ്വപ്നങ്ങളെ വിശ്വസിക്കുവാനും അതിനായി പ്രാര്‍ത്ഥിക്കാനും തയ്യാറുള്ള ആയിരക്കണക്കിന് പേരെ ദൈവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിവെച്ചിരുന്നു. അവരുടെ സ്നേഹവും പങ്കുവയ്ക്കലും പ്രോത്സാഹനവുമാണ് ശാലോമിനെ ഇത്രമാത്രം വളര്‍ത്തിയത്.
ശാലോം ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പായി ആരംഭിച്ച നാള് മുതല്‍ ഇന്നുവരെയും സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും കൈത്താങ്ങിലൂടെയും കൂട്ടായ്മയിലൂടെയും സഹായിച്ചവരെയും ആത്മീയേപദേശം നല്കിയവരെയും വഴി കാട്ടിയവരെയുമെല്ലാം ഞാന്‍ അനുസ്മരിക്കുകയാണ്. ഒരു അല്മായന് ഇത്രയും സ്വാതന്ത്ര്യം നല്‍കുക എന്ന് പറഞ്ഞാല്‍ പല അനുഭവങ്ങളുടെയും വെളിച്ചത്തില്‍ അപകടം നിറഞ്ഞതാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് ലഭിച്ച ഭാഗ്യമിതാണ്. സഭയിലെ എല്ലാ പിതാക്കന്മാരും എനിക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യവും വേണ്ട പ്രോത്സാഹനവും നല്കി. അവരുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും പിന്തുണയുമാണ് ശാലോമിന്റെ എല്ലാ വളര്‍ച്ചയ്ക്കും കാരണം. ഇപ്പോള്‍ ലഭിച്ച ഷെവലിയാര്‍ പുരസ്കാരവും ശാലോമിന് ദൈവം നല്കുന്ന അംഗീകാരമായി ഞാന്‍ കാണുന്നു.
സഭയോടോത്തു ചരിക്കുന്ന , കത്തോലിക്കരുടെ ഐക്യവേദിയായി ഉയര്‍ന്ന അല്മ്മായരായ സഭാ സ്നേഹികളുടെ അത്മീയ വിളവെടുപ്പിന്റെ അന്ഗ്രഹീത വിത്തായി ശാലോമും കൃഷിക്കാരായി ശാലോം ടീമും അതിന്റെ വിനീത മേലാള് ബെന്നി സാറും ഇനി കത്തോലിക്കാ സഭക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുവാന്‍ അനുഗ്രഹത്തിന്റെ അന്ഗീകാര സ്ഥാന ചിന്ഹം നേടിയ്ക്കഴിഞ്ഞു. ആ ആല്മീയ വെളിച്ചം ലോകത്തിന്റെ എല്ലാ മുക്കിലും എത്തിക്കുവാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തരയോടൊപ്പം ശാലോമിന്റെ അനുഗ്രഹ പാത തുറന്നു കൊടുക്കുവാന്‍ ഏവരും മുന്നോട്ടു വരട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല