1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2012

ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാക്കാമെന്ന ഭരണപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക്‌ മലപ്പുറത്തെ ഇരട്ടക്കൊലപാതകം തിരിച്ചടിയായി. മുസ്ലീം ലീഗിന്റെ എംഎല്‍എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേസ്‌ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നതില്‍ നിന്നും ഭരണപക്ഷത്തെ വിലക്കുന്നു. ഇന്നലെ നിയമസഭയില്‍ ഇത്‌ വ്യക്തമാകുകയും ചെയ്തു. എഫ്‌ഐആറില്‍ പ്രതിയായിട്ടും ലീഗ്‌ എംഎല്‍എ പി.കെ.ബഷീറിനെ അറസ്റ്റു ചെയ്യാത്തത്‌ എന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്‌ മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ ശരിയായ ഉത്തരമുണ്ടായിരുന്നില്ല.

എഫ്‌ഐആറില്‍ പ്രതിയായതു കൊണ്ട്‌ ഒരാള്‍ പ്രതിയാകില്ലെന്നും അന്വേഷണത്തില്‍ പ്രതിയെന്നു കണ്ടാലേ അറസ്റ്റുള്ളൂ എന്നുമായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത്‌. കൊലക്കേസ്‌ പോയിട്ട്‌ സാധാരണ കേസില്‍ പോലും സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്ത്‌ അറസ്റ്റു രേഖപ്പെടുത്തുക എന്നത്‌ പോലീസിന്റെ സാധാരണ നടപടി ക്രമമാണ്‌. കോടതിയില്‍ കുറ്റപത്രം നല്‍കുന്നത്‌ ഇതിനു ശേഷവും. എംഎല്‍എ ആയതിനാല്‍ ഇതിന്‌ പ്രത്യേക ഇളവൊന്നുമില്ല. സ്പീക്കറുടെ അനുവാദം വാങ്ങിക്കണമെന്ന സാങ്കേതികത്വം മാത്രമാണുള്ളത്‌.

ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന്‌ ഒറ്റപ്പെടുകയും ഏറെക്കുറെ പ്രതിരോധത്തിലാവുകയും ചെയ്ത പ്രതിപക്ഷത്തിന്‌ നടുനിവര്‍ക്കാനുള്ള അവസരമായി മാറി ഇരട്ടക്കൊലപാതകവും അതില്‍ ലീഗ്‌ എംഎല്‍എയ്ക്കുള്ള പങ്കും. ഫൈസല്‍ വധത്തില്‍ പ്രതിയായ ടി.വി.രാജേഷിനെയും എം.എം.മണിയുടെ വെളിപ്പെടുത്തിലിനെ തുടര്‍ന്ന്‌ കൊലക്കേസില്‍ പ്രതിയായ കെ.കെ.ജയച്ചന്ദ്രനെയും അറസ്റ്റു ചെയ്യണമെന്നു പറയാന്‍ ഇനി ഭരണപക്ഷത്തിന്‌ കഴിയില്ല.

ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ തിരിച്ചടികള്‍ മലപ്പുറം ഇരട്ടക്കൊലയുമായി ചേര്‍ത്ത്‌ ഒത്തുതീര്‍ക്കാനുള്ള അവസരമാണ്‌ സിപിഎമ്മിന്‌ ലഭിച്ചിരിക്കുന്നത്‌. അവര്‍ അത്‌ പരമാവധി മുതലെടുക്കുകയും ചെയ്യും. ഇന്നലെ നിയമസഭയിലെ പ്രതിപക്ഷ ബഹളവും ബഹിഷ്കരണവുമൊക്കെ ഇതാണ്‌ സൂചിപ്പിക്കുന്നത്‌.

മുഖം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. തൃശ്ശൂര്‍ റേഞ്ച്‌ ഐജി എസ്‌.ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ്‌ അന്വേഷിക്കുക. പാലക്കാട്‌ എസ്പി എം.പി.ദിനേശ്‌, മലപ്പുറം എസ്പി കെ.സേതുരാമന്‍, മലപ്പുറം നാര്‍ക്കോട്ടിക്‌ സെല്‍ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്‍ നായര്‍, മലപ്പുറം ഡിവൈഎസ്പി എസ്‌.അഭിലാഷ്‌, തൃശ്ശൂര്‍ കെഇപിഎ ഡിവൈഎസ്പി സുദര്‍ശനന്‍, മലപ്പുറം സിഐ ടി.ബി.വിജയന്‍, കൊണ്ടോട്ടി സി.ഐ അസ്സിനാര്‍, തിരൂരങ്ങാടി സിഐ ഉമേഷ്‌ എന്നിവരാണ്‌ സംഘത്തിലെ അംഗങ്ങള്‍. മുസ്ലീംലീഗ്‌ എംഎല്‍എ പി.കെ.ബഷീര്‍ ഉള്‍പ്പെടെ 11 പ്രതികളെ ചേര്‍ത്ത്‌ പോലീസ്‌ കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.