സ്വന്തം ലേഖകന്‍: സൗദിയിലേക്ക് വിമാനം പറത്തിയ ബ്രൂണെ എയര്‍ലൈന്‍സിലെ വനിതാ പൈലറ്റുമാര്‍ ചരിത്രമെഴുതി. ആദ്യമായാണ് ഒരു വിമാന കമ്പനി സൗദിയിലേക്ക് വനിതകള്‍ക്ക് മാത്രമായി വിമാനം പറത്താന്‍ അനുമതി നല്‍കിയത്. ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഇവര്‍ പറത്തിയത്. ബ്രൂണെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു പറക്കല്‍.
ഫ്ലൈറ്റ് ക്യാപ്റ്റന്‍ ഷരീഫ സെറീന, സീനിയര്‍ ഫസ്റ്റ് ഓഫീസര്‍മാരായ ശരിയാന നോര‍്ദീന്‍, ഡി.കെ നദിയ ഖാസീം എന്നിവരായിരുന്നു ഈ ചരിത്രനേട്ടത്തിന് അര്‍ഹരായത്. യുകെയില്‍ നിന്ന് പരിശീലനം നേടിയ ശേഷമാണ് ക്യാപ്റ്റന്‍ ഷരീഫ് സെറീന 2013 ല്‍ റോയല്‍ ബ്രൂണെ എയര്‍ലൈന്‍സില്‍ പൈലറ്റായി ചേര്‍ന്നത്.
സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാത്ത സൗദിയിലേക്കാണ് മൂന്നു സ്ത്രീകള്‍ വിമാനം പറത്തിയതെന്നതും ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷമാണ് സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലാണ് സ്ത്രീകള്‍ ആദ്യമായി ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്നും ഒരു വനിതാ പൈലറ്റ് എന്ന സ്വപ്നം സൗദിക്ക് അന്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല