സ്വന്തം ലേഖകന്‍: ബ്രൂണെയില്‍ ഇനി സ്വവര്‍ഗ ലൈംഗികത വധശിക്ഷ ലഭിക്കാവുന്ന കുറ്റം; സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും. സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസാക്കി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ. മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള നിയമവും സുല്‍ത്താന്‍ ഹസ്സനല്‍ ബെല്‍കിയ ഭരിക്കുന്ന ബ്രൂണെ സര്‍ക്കാര്‍ ഇന്ന് പാസ്സാക്കി.
പ്രസ്തുത നിയമം നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ വന്ന സമയത്ത് തന്നെ ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും, ജോര്‍ജ് ക്ലൂണി, എലെന്‍ ഡിജെനീറിസ് തുടങ്ങിയ പ്രശ്‌സതരും ബ്രൂണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘എനിക്ക് ഈ രാജ്യത്ത് ഇസ്‌ലാമിക പാഠങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത് കാണണം’ ബൊല്‍കിയ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഗര്‍ഭഛിദ്രം നടത്തിയാല്‍ ബ്രൂണെയിലെ പുതിയ നിയമങ്ങള്‍ അനുസരിച്ച് പരസ്യമായ ചാട്ടവാറടി ശിക്ഷയായി ലഭിക്കും. 40,000ത്തോളം ജനങ്ങളുള്ള ദ്വീപ് രാജ്യമായ ബ്രൂണെയില്‍ നിലവില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ 10 വര്‍ഷം തടവാണ്.പുതിയ നിയമം മനുഷ്യത്വരഹിതവും ക്രൂരവുമാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.
‘ബ്രൂണയിലെ ജനങ്ങളുടെ മനുഷ്യാവകാശ ലംഘനത്തിന് കാരണമായേക്കാവുന്ന ക്രൂരമായ ഈ പുതിയ നിയമം നടപ്പില്‍ വരുത്തരുതെന്ന് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുന്നു’ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനര്‍ മിഷേല്‍ ബച്ചെല്ല പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
ബ്രൂണെയുടെ നിലപാടില്‍ പ്രതിഷേധിച്ച് ബ്രൂണെയുടെ ഉടമസ്ഥതയിലുള്ള അത്യാഢംബര ഹോട്ടലുകള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രശസ്ത ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണി പറഞ്ഞിരുന്നു. ലണ്ടനിലെ ദോര്‍ഷെസ്റ്റെര്‍, ലോസ് ആഞ്ചല്‍സിലെ ബെവെര്‍ലി ഹില്‍സ് ഹോട്ടല്‍ തുടങ്ങി ലോകത്തെ ഏറ്റവും മുന്തിയ ഹോട്ടലുകളില്‍ പലതും ബ്രൂണെ സുല്‍ത്താന്റെ അധീനതയിലുള്ള ബ്രൂണെ ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയുടേതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല