സ്വന്തം ലേഖകന്‍: ഹോമോഫോബിയ; ബ്രൂണെ സുല്‍ത്താന്‍ ഹോണററി ഡിഗ്രി നല്കിയ തീരുമാനം പുന:പരിശോധിക്കുമെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. സ്വവര്‍ഗ ലൈംഗികത മരണ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയ മാറ്റിയ ബ്രൂണെ സുല്‍ത്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഓക്സ്ഫഡിന്റെ തീരുമാനം.
ബ്രൂണെയുടെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളോട് തങ്ങള്‍ ഐക്യപ്പെടുകയാണെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞതായി ഇന്‍ഡിപെന്‍ഡെന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 1993ല്‍ സുല്‍ത്താന്‍ ഹസനല്‍ ബൊല്കിയയ്ക്ക് സിവില്‍ നിയമത്തില്‍ ഹോണററി ഡിഗ്രി നല്കിയ തീരുമാനം പുന:പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുല്‍ത്താന്റെ ഹോണററി ഡിഗ്രി തിരിച്ചെടുക്കില്ലെന്ന് സര്‍വകലാശാല നേരത്തെ പറഞ്ഞിരുന്നു.സുല്‍ത്താന്റെ ഡിഗ്രി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 56000 പേരുടെ ഒപ്പടങ്ങിയ പെറ്റീഷന് നല്കിയതും, സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതിഷേധവും സര്‍വകലാശാലയെ സമര്ദത്തിലാക്കുകയായിരുന്നു.
സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ ഈയിടെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള നിയമവും സുല്‍ത്താന്‍ ഹസ്സനല്‍ ബെല്‍കിയ ഭരിക്കുന്ന ബ്രൂണെ സര്‍ക്കാര്‍ പാസാക്കിയിരുന്നു.
പ്രസ്തുത നിയമം നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ വന്ന സമയത്ത് തന്നെ ബ്രിട്ടന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും, ജോര്‍ജ് ക്ലൂണി, എലെന് ഡിജെനീറിസ് തുടങ്ങിയ പ്രശ്സതരും ബ്രൂണെയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘എനിക്ക് ഈ രാജ്യത്ത് ഇസ്ലാമിക പാഠങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത് കാണണം’ എന്നായിരുന്നു നിയമത്തെക്കുറിച്ച് ബൊല്‍കിയ പറഞ്ഞത്.
ബ്രൂണെയുടെ നിലപാടില്‍ പ്രതിഷേധിച്ച് ബ്രൂണെയുടെ ഉടമസ്ഥതയിലുള്ള അത്യാഢംബര ഹോട്ടലുകള്‍ ബഹിഷ്കരിക്കുമെന്ന് പ്രശസ്ത ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണി പറഞ്ഞിരുന്നു. ലണ്ടനിലെ ദോര്ഷെസ്റ്റെര്, ലോസ് ആഞ്ചല്‍സിലെ ബെവെര്‍ലി ഹില്‍സ് ഹോട്ടല്‍ തുടങ്ങി ലോകത്തെ ഏറ്റവും മുന്തിയ ഹോട്ടലുകളില്‍ പലതും ബ്രൂണെ സുല്‍ത്താന്റെ അധീനതയിലുള്ള ബ്രൂണെ ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സിയുടേതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല