1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2015

സ്വന്തം ലേഖകന്‍: സീബ്രാ ലൈന്‍ കണ്ടില്ലെന്നു മട്ടില്‍ ചീറിപ്പാഞ്ഞു പോകുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്, സീബ്രാ ലൈനില്‍ സീബ്രകള്‍ റോഡ് മുറിച്ചു കടക്കുന്നു. അതു മൂന്നു സീബ്രകള്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് സീബ്രാ ലൈനിലിറങ്ങിയ സീബ്രകള്‍ കൗതുകമായത്.

മൂന്ന് സീബ്രകളാണ് ബ്രസല്‍സിലെ തെരുവുകളില്‍ ഏതാണ്ട് ഒരു മണിക്കൂറോളം ആശയക്കുഴപ്പം സൃഷ്ടിച്ചത്. സല്‍സിലെ വില്‍വോഡ് പ്രവിശ്യയിലെ ഒരു സ്വകാര്യ ഫാമില്‍ നിന്ന് പുറത്ത് ചാടിയതായിരുന്നു ഇവ. ഫാമില്‍ നിന്ന് ഏഴ് സീബ്രകള്‍ പുറത്തു ചാടിയെങ്കിലും ഇതില്‍ നാലെണ്ണത്തെ ഉടനെ തന്നെ പിടികൂടി. എന്നാല്‍ പിടികൂടാനെത്തിയ ഫാല്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്നു സീബ്രകള്‍ നഗരത്തില്‍ എത്തുകയായിരുന്നു.

നഗരത്തിരക്കും വാഹനങ്ങളുടെ ബഹളവും കണ്ട് വിരണ്ട സീബ്രകള്‍ വാഹനങ്ങള്‍ക്കിടയിലൂടെ കുതിച്ചു പാഞ്ഞു. ഫാമിലെ ചില സീബ്രകളെ കഴിഞ്ഞ ദിവസം വിറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തരായതു കൊണ്ടാവാം സീബ്രകള്‍ ഫാമില്‍ നിന്നും പുറത്തു ചാടിയതെന്ന് ഫാമുടമയുടെ സുഹൃത്തായ ബെര്‍നാര്‍ഡ് ലുയിക്‌സ് അഭിപ്രായപ്പെട്ടു.

ബ്രസല്‍സ് നിവാസികള്‍ക്ക് സീബ്രകളുടെ പരക്കം പാച്ചില്‍ കൗതുകകരമായി. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന സീബ്രകളുടെ പടങ്ങളെടുത്തും വീഡിയോ എടുത്തും അവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു. മഡഗാസ്‌കര്‍ എന്ന ഹിറ്റ് അനിമേഷന്‍ ചിത്രത്തിലെ മാര്‍ട്ടി എന്ന സീബ്രാ കഥാപാത്രം നിങ്ങള്‍ക്കായി ഇതാ തെരുവിലെത്തിയിരിക്കുന്നു എന്നായിരുന്നു പ്രചരണം.

സീബ്രാ ക്രോസിങ്ങിലൂടെയും റോഡിന്റെ ഓരത്ത് കൂടെയും പാഞ്ഞു നടന്ന സീബ്രകള്‍ നാശനഷ്ടമോ ആളപായമോ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മെരുങ്ങാന്‍ കൂട്ടാക്കാതിരുന്ന സീബ്രകളെ പോലീസെത്തി മയക്ക് വെടി വെച്ചാണ് പിടികൂടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.