സ്വന്തം ലേഖകന്‍: ബക്കിങാം കൊട്ടാരം മുഖം മിനുക്കുന്നു, ചെലവ് 2664 കോടി രൂപ. ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബക്കിങാം കൊട്ടാരം നവീകരിക്കാനൊരുങ്ങുന്നു. 36.9 കോടി യൂറോ(ഏകദേശം 2664 കോടി ഇന്ത്യന്‍ രൂപ) ആണ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടത്തുന്ന ഏറ്റവുംവലിയ നവീകരണ പദ്ധതിക്ക് ചെലവു കണക്കാക്കുന്നത്.
60 വര്‍ഷത്തോളം പഴക്കമുള്ള വൈദ്യുതകേബിളുകളും പഴയ പൈപ്പുകളും മാറ്റുന്നതിനൊപ്പം കൊട്ടാരം മുഴുവന്‍ സൗരോര്‍ജപ്ലാന്റുകള്‍ സ്ഥാപിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. അടുത്തവര്‍ഷം മാര്‍ച്ച് അവസാനം പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കും. തുടര്‍ന്ന് ഏപ്രിലില്‍ ആരംഭിക്കുന്ന നവീകരണം 2017ല്‍ പൂര്‍ത്തിയാകും. 775 മുറികളുള്ള ബക്കിങാം കൊട്ടാരത്തിന്റെ വലിപ്പം 30,000 ചതുരശ്ര മീറ്ററാണ്. മൂന്നു ഫുട്‌ബോള്‍ മൈതാനങ്ങളെക്കാള്‍ അധികംവരുമിത്.
നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പും ഇപ്പോള്‍ താമസിക്കുന്ന മുറികള്‍ മാറും. എന്നാല്‍, കൊട്ടാരത്തിലെ സ്ഥിരം ജീവനക്കാരില്‍ പലര്‍ക്കും മാറിത്താമസിക്കേണ്ടിവരും. ബ്രിട്ടീഷ് രാജ്ഞി വര്‍ഷത്തിന്റെ മുക്കാല്‍ഭാഗവും കൊട്ടാരത്തില്‍ത്തന്നെയാണ് താമസിക്കുന്നത്.
രണ്ടാംലോകയുദ്ധത്തില്‍ ജര്‍മനിയുടെ ബോംബാക്രമണത്തില്‍ കൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടങ്ങാനിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൊട്ടാരം 50 വര്‍ഷംകൂടി താമസയോഗ്യമാക്കാനാണ് ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല