സ്വന്തം ലേഖകന്‍: ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍. സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ്. ആദായ നികുതി പരിധി രണ്ടര ലക്ഷം തുടരും. അതേ സമയം, 250 കോടി രൂപ വരുമാനമുള്ള കമ്പനികളുടെ നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി കുറക്കണമെന്ന വ്യവസായ മേഖലയുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാറിന്റെ നപടി.
രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനമായിരിക്കും ആദായ നികുതി. അഞ്ച് മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം. നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മെഡിക്കല്‍ റീ ഇംപേഴ്‌സ്മന്റെിലെ ഇളവ് 40,000 രൂപയാക്കിയിട്ടുണ്ട്.
രാജ്യത്തെ നിക്ഷേപം വര്‍ധിപ്പിക്കാനായാണ് കോര്‍പ്പറേറ്റ് നികുതിയില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ വളര്‍ച്ച നിരക്ക് മറികടിക്കണമെങ്കില്‍ നിക്ഷേപം കൂടുതലായി ആവശ്യമാണ്. ഇതുകുടി മുന്‍ നിര്‍ത്തിയാണ് കോര്‍പ്പറേറ്റ് നികുതിയിലെ മാറ്റം. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ നികുതി കുറച്ചതും ജെയ്റ്റ്‌ലിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.
ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റില്‍ ബിജെപി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് തന്നെയാണ്. മോദി സര്‍ക്കാരിന്റെ സാന്പത്തിക പരിഷ്‌കരണ നടപടികള്‍ വന്‍ വിജയമാണെന്നും ഇന്ത്യ ലോകത്തിലെ അഞ്ചാം സാന്പത്തിക ശക്തിയാകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങിയത്.
രാജ്യത്തെ കര്‍ഷകരുടെ വരുമാനം നാലു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിക്കും, കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ 2,000 കോടി, ഇനാം പദ്ധതി വിപുലീകരിക്കും, ജൈവകൃഷിക്ക് ഊന്നല്‍ നല്‍കും, വിളകള്‍ക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കും, ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങി കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കുമെന്ന് ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. ഇതിനായി 500 കോടിയുടെ പ്രത്യേക പദ്ധതി സര്‍ക്കാര്‍ തയാറാക്കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. ഫിഷറീസ്, മൃഗസംരക്ഷണത്തിനായി 10,000 കോടി നീക്കിവയ്ക്കും. കാര്‍ഷിക വിളകളുടെ സംഭരണത്തിനു പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തും. ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല