സ്വന്തം ലേഖകൻ: ബുധനാഴ്ചത്തെ ബജറ്റ് ബ്രിട്ടനിലെ സാധാരണക്കാരന്റെ നടുവൊടിക്കുന്നതായിരികും എന്ന് ഉറപ്പാക്കുന്ന രീതിയില്‍ ഇംഗ്ലണ്ടിലെ സിംഗിള്‍ ബസ് ക്യാപ് നിലവിലെ രണ്ടു പൗണ്ടില്‍ നിന്നും മൂന്നു പൗണ്ട് ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് ഒരു സഹായമായിട്ടായിരുന്നു കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ബസ് ഫെയര്‍ ക്യാപ് രണ്ടു പൗണ്ടാക്കിയത്.
വരുന്ന ഡിസംബര്‍ വരെയാണ് ഈ ക്യാപിന്റെ കാലാവധി. ഈ വര്‍ദ്ധനവ് എത്രമാത്രം സാധാരണക്കാരനെ ബാധിക്കും എന്നറിയില്ല എന്നും സ്റ്റാര്‍മര്‍ പറഞ്ഞു. 2025 അവസാനം വരെ ഇംഗ്ലണ്ടില്‍ ഈ ബസ് ഫെയര്‍ ക്യാപ് സാധുവായിരിക്കും.
ഇംഗ്ലണ്ടില്‍ ഏകദേശം 34 ലക്ഷം പേരോളം ബസ് ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. നിലവിലെ ബസ് ഫെയര്‍ ക്യാപ് നാളത്തെ ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എടുത്തു കളഞ്ഞേക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍, രണ്ട് വര്‍ഷത്തെ ആശ്വാസത്തിന് ശേഷം പല യാത്രക്കാരും ടിക്കറ്റ് നിരക്കില്‍കുത്തനെയുള്ള വര്‍ദ്ധനവ് അഭിമുഖീകരിക്കുമായിരുന്നു.
അതേസമയം, ലണ്ടനിലെ സിംഗിള്‍ ബസ് നിരക്ക് 1.75 പൗണ്ട് ആയും മാഞ്ചസ്റ്ററിലേത് രണ്ടു പൗണ്ട് ആയും തുടരും. ഇവയുടെ ഫണ്ടിംഗ് ഘടന തീര്‍ത്തും വ്യത്യസ്തമായതിനാലാണ് വ്യാപകമായ ഫെയര്‍ ക്യാപ് വര്‍ദ്ധനവില്‍ നിന്നും ഈ നഗരങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. യാത്രകള്‍ക്ക് പ്രാഥമികമായി ബസ്സുകളെ ആശ്രയിക്കുന്ന നിരവധി പേര്‍ക്ക് ഈ വര്‍ദ്ധനവ് കനത്ത തിരിച്ചടിയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് പറയുന്നു.
രണ്ടു പൗണ്ടിന്റെ ക്യാപ് പെട്ടെന്ന് അവസാനിപ്പിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നതിന് മുന്‍പ് തന്നെ ഈസ്റ്റേണ്‍ ട്രാന്‍സ്പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് മേധാവി ബില്‍ ഹിരോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ഇത് ഒരു കടുത്ത തീരുമാനമായി എന്നതാണ് ഗ്രീന്‍ പീസ് പറയുന്നത്. രാഷ്ട്രീയമായോ, സാമ്പത്തികമായോ, പരിസ്ഥിതിപരമായോ യാതോരു ചിന്തയുമില്ലാത്ത ഒരു തീരുമാനം എന്നാണ് അവര്‍ പറയുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ചും താഴ്ന്ന വരുമാനക്കാരുടെ യാത്രോപാധിയാണ് ബസ്സുകള്‍ എന്നതോര്‍ക്കണമെന്നും അവര്‍ പറയുന്നു. ദരിദ്രരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ ആണെങ്കില്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനക്കൊപ്പം നികുതികളും വര്‍ദ്ധിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നികുതി വര്‍ദ്ധനവ് ആരും ആഗ്രഹിക്കുന്ന ഒന്നല്ല, പക്ഷെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടെ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ നികുതിയുമായി പൊതുസേവനങ്ങള്‍ നല്ല രീതിയില്‍ നടത്താനാവുമെന്നത് ഒരു മിഥ്യാധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല