സ്വന്തം ലേഖകൻ: ഒക്ടോബര്‍ 30ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവതരിപ്പിക്കാന്‍ ഇരിക്കുന്ന ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ഉയര്‍ത്തുമെന്ന അഭ്യൂഹം ശക്തമായതോടെ നികുതി പേടിച്ച് വീടുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണ് ഉടമകള്‍. ഇതോടെ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്.
വരുമാനം വര്‍ദ്ധിപ്പിക്കാനായി ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ്-സിജിടി ഉയര്‍ത്തുമെന്ന് വ്യക്തമായതോടെയാണ് രണ്ടാമത്തെ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് രക്ഷപ്പെടാന്‍ ഉടമകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്.
ഹൗസ് ഓഫ് കോമണ്‍സില്‍ റീവ്സ് തന്റെ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് മുന്‍ രണ്ടാം വീടുകള്‍ വില്‍ക്കാനാണ് ഉടമകളുടെ ശ്രമം, സിജിടി വര്‍ധനവ് പ്രഖ്യാപിച്ചാല്‍ അതേ ദിവസം അര്‍ദ്ധരാത്രി പദ്ധതി പ്രാബല്യത്തില്‍ വരുമെന്നത് കനത്ത തിരിച്ചടിയാണ്. നിലവില്‍ പ്രധാന വീട് പോലുള്ള വില്‍ക്കുന്ന വസ്തുക്കളുടെ ലാഭത്തിലാണ് സിജിടി നല്‍കേണ്ടത്.
രണ്ടാമത്തെ വീടുകള്‍ക്കും, റെന്റല്‍ വില്‍പ്പനയ്ക്കുമുള്ള സിജിടി അടിസ്ഥാന നിരക്കില്‍ നികുതി നല്‍കുന്നവര്‍ക്ക് 18 ശതമാനവും, അധിക നിരക്കില്‍ നികുതി നല്‍കുന്നവര്‍ക്ക് 24 ശതമാനവുമാണ്. എന്നാല്‍ ഇത് 40 മുതല്‍ 45 ശതമാനം ഇരട്ടിപ്പിക്കാനാണ് ലേബര്‍ ഗവണ്മെന്റ് നീക്കമെന്നാണ് സൂചന.
ലോക്കല്‍ അധികൃതര്‍ കൗണ്‍സില്‍ ടാക്സ് ഇരട്ടി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന മേഖലകളില്‍ ഇതിന്റെ ആഘാതം കൂടും. ഈ സാഹചര്യത്തിലാണ് ഹോളിഡേ സ്പോട്ടുകളില്‍ ഉള്‍പ്പെടെ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്നതിന്റെ വര്‍ദ്ധന അനുഭവപ്പെടുന്നതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി.
രണ്ടാമത്തെ വീട്ടുടമകളും, വാടകയ്ക്ക് നല്കാന് വാങ്ങിയ വീടുകളുമായി ലാന്‍ഡ്ലോര്‍ഡ്സും വിപണിയിലേക്ക് ഒഴുകിയെത്തുകയാണ്. ആയിരക്കണക്കിന് പൗണ്ട് വില കുറച്ച് നല്‍കാനും ഇവര്‍ തയ്യാറാണ്. ഹാംപ്ഷയര്‍, സസെക്സ്, കെന്റ്, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളിലാണ് സജീവമായി വില്‍പ്പന നടക്കുന്നത്. ആയിരക്കണക്കിന് പൗണ്ട് വില കുറയുമെങ്കിലും മോര്‍ട്ടഗേജ് നിരക്കാണ് വാങ്ങലുകാരെ പിന്നോട്ട് വലിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല