സ്വന്തം ലേഖകൻ: വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍. ബജറ്റില്‍ ഇന്‍കം ടാക്സ് പരിധി മരവിപ്പ് നിര്‍ത്താനാണ് ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിഷി സുനാകിന് കീഴില്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജോലിക്കാര്‍ക്ക് മേലുള്ള നികുതിയെന്ന് കുറ്റപ്പെടുത്തിയവരാണ് ലേബര്‍. ബജറ്റില്‍ ഇന്‍കം ടാക്സ് പരിധി മരവിപ്പിച്ച് നിര്‍ത്തല്‍ നടപ്പാക്കിയാലും ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാകില്ലെന്നാണ് ഗവണ്മെന്റിന്റെ പുതിയ കണ്ടെത്തല്‍. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്മെന്റ് മഹാമാരിക്ക് ശേഷം പ്രഖ്യാപിച്ച ഫ്രീസിംഗ് 2028-ല്‍ അവസാനിക്കും.
എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഇത് രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് 2030 വരെ എത്തിക്കാനാണ് ഒരുങ്ങുന്നത്. ഇതോടെ പരിധികള്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്ന രീതി തടയപ്പെടും. ഇത് മൂലം ആയിരക്കണക്കിന് ആളുകള്‍ ഉയര്‍ന്ന ടാക്സ് ബാന്‍ഡുകളിലേക്ക് മാറ്റപ്പെടും. നികുതികള്‍ വര്‍ദ്ധിപ്പിച്ചും, ചെലവുചുരുക്കിയും 40 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് ചാന്‍സലറുടെ പദ്ധതി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കൂടുതല്‍ ഇന്‍കംടാക്സും, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്ട്രിബ്യൂഷനും, ഇന്‍ഹെറിറ്റന്‍സ് ടാക്സും, ഫ്യൂവല്‍ ഡ്യൂട്ടിയും നല്‍കേണ്ടി വരിക.
ഇന്‍കം ടാക്സില്‍ അടിസ്ഥാനപരമായോ, അധിക നിരക്കുകളോ ഏര്‍പ്പെടുത്തില്ലെന്നാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നത്. ഇതുമൂലം പരിധി മരവിപ്പിക്കുന്നത് നീട്ടിയാല്‍ 20 പെന്‍സ്, 40 പെന്‍സ്, 45 പെന്‍സ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയും വാഗ്ദാനങ്ങള്‍ ‘വ്യത്യാസമില്ലാതെ’ നിലകൊള്ളുകയും ചെയ്യുമെന്നാണ് ചാന്‍സലര്‍ വിശ്വസിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഈ ചതി വഴി കൂടുതല്‍ പണം ഖജനാവില്‍ എത്തുമെന്നതാണ് വസ്തുത. ഫ്രീസിംഗ് നടപ്പാക്കിയാല്‍ 400,000 ആളുകള്‍ കൂടുതല്‍ ഇന്‍കം ടാക്സ് നല്കുന്നതിലേക്ക് എത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്കല്‍ സ്റ്റഡീസ് പറയുന്നു. കൂടാതെ 600,000 പേരെങ്കിലും ഉയര്‍ന്ന, അധിക നിരക്കുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യും. ഇതുവഴി വര്‍ഷത്തില്‍ 7 ബില്ല്യണ്‍ പൗണ്ട് നേടാമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല