സ്വന്തം ലേഖകൻ: വരുന്ന ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തമായതോടെ തൊഴില്‍ ദാതാക്കള്‍ മുന്നൊരുക്കം നടത്തുമെന്ന് റിപ്പോര്‍ട്ട് . പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എംപ്ലോയറുടെ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് ബിസിനസ്സുകള്‍ ബജറ്റില്‍ നേരിടേണ്ട ആഘാതത്തെ കുറിച്ച് ഏകദേശം തീരുമാനമായത്.
ലണ്ടനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കവെയാണ് ഈ മാസത്തെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ നികുതി വര്‍ദ്ധനവിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ട ആവശ്യം ബിസിനസ്സുകള്‍ക്ക് മനസ്സിലാകുമെന്ന് ചാന്‍സലര്‍ വാദിച്ചു.
22 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന സാഹചര്യത്തിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുന്ന നടപടി നേരിട്ടുള്ള വാഗ്ദാന ലംഘനമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.
ഇന്‍കംടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉയര്‍ത്തില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ലേബര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ എംപ്ലോയറുടെ ഭാഗം ഇതില്‍ പെടുന്നില്ലെന്നാണ് ചാന്‍സലര്‍ അവകാശപ്പെടുന്നത്. ആഴ്ചയില്‍ 175 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ള ജീവനക്കാര്‍ക്കായി 13.8 ശതാമനം എന്‍ഐ ബിസിനസ്സുകളാണ് അടയ്ക്കുന്നത്. ഇത് ഒരു പെന്‍സ് മാത്രം വര്‍ദ്ധിപ്പിക്കുന്നത് വര്‍ഷത്തില്‍ ട്രഷറിക്ക് 17 ബില്ല്യണ്‍ പൗണ്ട് സമ്മാനിക്കുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ ഇത്തരമൊരു നീക്കത്തിന് പ്രത്യാഘാതം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് എംപ്ലോയറുടെ ഭാഗത്ത് നിന്നും ശമ്പളവര്‍ദ്ധനവ് ഒഴിവാക്കാനും, തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്കും നയിക്കുമെന്ന് ബിസിനസ്സ് സ്രോതസ്സുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല