
സ്വന്തം ലേഖകൻ: ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വിഷയത്തില്‍ കര്‍ഷക സംഘടനകളുടേതുള്‍പ്പെടെയുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുമുള്ള രണ്ട് നിര്‍ണായക യോഗങ്ങളാണ് നടക്കുക. വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ വനം, റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.
യോഗത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്കാന് അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പരാതി നല്‍കാനുള്ള സമയ പരിധി നീട്ടിയേക്കും. വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് നടക്കും.
ബഫര്‍ സോണ്‍ വിഷയത്തിലെ ആശങ്കകളില്‍ തിരുവനന്തപുരത്തെ മലയോര മേഖലയായ അമ്പൂരിയില്‍ ഇന്ന് പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതല്‍ മേഖല വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യം.
വിഷയത്തില്‍ കോഴിക്കോട് കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്കാണ് കോണ്‍ഗ്രസിന്റെ സമര പ്രഖ്യാപന കണ്വെന്ഷന് നടക്കും. പ്രതിഷേധ പരിപാടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘടനകളുടെ പിന്തുണയില്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.
വന്യജീവി സങ്കേതത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹ സര്‍വേയിലെ അപാകതയാണ് കര്‍ഷകരേയും താമസക്കാരേയും വീണ്ടും സമരത്തിലേക്കെത്തിച്ചിരിക്കുന്നത്. 22 സംരക്ഷിത വനപ്രദേശങ്ങളുടെ കരുതല്‍ മേഖലയില്‍ വീടും കടകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളുമടക്കം 49,324 കെട്ടിടങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശികമായ സ്ഥലപ്പേരുകളില്ലാതെ, അവ്യക്തമായ സര്‍വേ നമ്പര്‍ മാത്രമുള്ള റിപ്പോര്‍ട്ടില്‍ അടിമുടി ആശങ്കയിലാണ് ജനങ്ങള്‍. റിപ്പോര്‍ട്ടില്‍ ഏതൊക്കെ വീടുകളും കടകളും സ്ഥാപനങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തിയില്ലെന്നതാണ് പ്രധാനപ്രശ്നമായി കര്‍ഷകരും താമസക്കാരും ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ജനവാസമേഖലകളെ കരുതല്‍ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും അംഗീകരിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഉപഗ്രഹ സര്‍വേ അംഗീകരിക്കില്ലെന്നും ഗ്രൗണ്ട് സര്‍വേയിലേക്ക് മാറണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഗൂഗിള്‍ മാപ്പടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററാണ് സര്‍വേ നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല