1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2024

സ്വന്തം ലേഖകൻ: ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും ഷെംഗൻ അംഗത്വം ഉറപ്പാക്കി യൂറോപ്യൻ യൂണിയൻ (ഇയു). അടുത്ത വർഷം ജനുവരി 1 മുതൽ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്ലാത്ത ഷെംഗൻ സോണിലെ പൂര്‍ണ അംഗങ്ങളാകും.

ഡിസംബര്‍ 12ന് നടന്ന യൂറോപ്യന്‍ യൂണിയന്‍ ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇരു രാജ്യങ്ങൾക്കും പൂർണതോതിലുള്ള ഷെംഗൻ അംഗത്വം നൽകാൻ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അനുമതി നല്‍കിയത്. ഇരുരാജ്യങ്ങളുടെയും ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍, ഇരു രാജ്യങ്ങളും ഷെംഗന്‍ വീസകള്‍ നല്‍കുകയും ഇയു ഇതര യാത്രക്കാര്‍ക്ക് 90/180 വീസാ നിയമം ബാധകമാക്കുകയും ചെയ്തു.

റൊമാനിയയും ബള്‍ഗേറിയയും യൂറോപ്യന്‍ യൂണിയന്‍ എന്‍ട്രി/എക്സിറ്റ് സിസ്ററം സ്വീകരിക്കും എന്നാണ് ഷെംഗൻ ഏരിയയിലേക്കുള്ള പൂര്‍ണ്ണമായ പ്രവേശനം അര്‍ത്ഥമാക്കുന്നത്.

ബൾഗേറിയയിൽ 223.8 ദശലക്ഷവും റൊമേനിയയിൽ 19.06 ദശലക്ഷം ജനങ്ങളുമാണുള്ളത്. ചരിത്രപരമായ തീരുമാനം യൂറോപ്പിന്റെ അതിരുകളില്ലാത്ത യാത്രാ മേഖലയെയും ഇയു സമ്പദ് വ്യവസ്ഥയെയും എങ്ങനെ ബാധിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്.

2011ല്‍ ഇരു രാജ്യങ്ങള്‍ക്കും പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും, ചില യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭരണം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സംശയങ്ങള്‍ നിലനിന്നിരുന്നു. ഓസ്ട്രിയ വീറ്റോ അധികാരം എടുത്തു കളഞ്ഞതിന് ശേഷമാണ് പുതിയ തീരുമാനം. കുടിയേറ്റത്തെയും അതിര്‍ത്തി സംരക്ഷണത്തെയും സംബന്ധിച്ച ആശങ്കകളെ തുടർന്നായിരുന്നു ഓസ്ട്രിയ എതിർപ്പു പ്രകടിപ്പിച്ചത്.

നവംബര്‍ അവസാനം, ഇയു കൗണ്‍സിലിന്റെ ഹംഗേറിയന്‍ പ്രസിഡന്‍സിയുടെ കീഴില്‍ ബുധാപെസ്ററില്‍ നടന്ന യോഗത്തില്‍, ഹംഗറി, ബള്‍ഗേറിയ, റൊമാനിയ, ഓസ്ട്രിയ എന്നിവയുടെ ഒരു “അതിര്‍ത്തി സംരക്ഷണ പാക്കേജ്” അംഗീകരിച്ചതോടെ കര അതിര്‍ത്തി പരിശോധനകള്‍ പിന്‍വലിക്കുന്നതിനും ബള്‍ഗേറിയയ്ക്കും വഴിയൊരുക്കി.

യൂറോപ്യന്‍ യൂണിയന്റെ കണ്‍സള്‍ട്ടേറ്റീവ് ബോഡിയായ യൂറോപ്യന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിറ്റി (ഇഇഎസ്സി) പറയുന്നത് ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും പൂര്‍ണ്ണമായ ഷെംഗൻ പദവി നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ ഏകവിപണിക്ക് ഗുണം ചെയ്യുമെന്നാണ്.

യൂറോപ്യന്‍ യൂണിയനിലെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള പരിമിതികള്‍ യൂറോപ്യന്‍ യൂണിയന്റെ മത്സരത്തെ പ്രതികൂലമായി ബാധിക്കുകയും അതിന്റെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇരു രാജ്യങ്ങൾക്കും ഷെംഗൻ അംഗത്വം ലഭിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ സാമ്പത്തിക ഗവേഷണ സ്ഥാപനം നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ബള്‍ഗേറിയയുടെ ഷെംഗൻ ഏരിയയിലേക്കുള്ള ഭാഗികമായ പ്രവേശനം 834 ദശലക്ഷം യൂറോയുടെ വാര്‍ഷിക നഷ്ടത്തിന് കാരണമായി എന്നാണ്.

റൊമാനിയയിലെ കര അതിര്‍ത്തികളിലെ കാലതാമസം ഗതാഗത ഓപ്പറേറ്റര്‍മാര്‍ക്ക് 90 ദശലക്ഷം യൂറോയും വാര്‍ഷിക വരുമാനത്തില്‍ അധികമായി 2.32 ബില്യണ്‍ യൂറോയും നഷ്ടമാകുമെന്ന് കണക്കാക്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.