സ്വന്തം ലേഖകൻ: പതിമ്മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബള്‍ഗേറിയയും റൊമാനിയയും ഭാഗികമായി യൂറോപ്പിലെ ഷെങ്കന്‍ രാജ്യങ്ങളുടെ ഗ്രൂപ്പിലേക്ക്. അതിര്‍ത്തിപരിശോധനകളില്ലാതെ ഈരാജ്യങ്ങളിലെ പൗരര്‍ക്ക് പരസ്പരവും അവിടെനിന്ന് യൂറോപ്പിലെ ഷെങ്കന്‍ അംഗരാജ്യങ്ങളിലേക്കും വിമാനമാര്‍ഗവും കടല്‍മാര്‍ഗവും യാത്രചെയ്യാം. എന്നാല്‍, കര അതിര്‍ത്തിവഴി യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. അഭയാര്‍ഥികളുടെ ഒഴുക്കുഭയന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഷെങ്കന്‍സോണില്‍ പൂര്‍ണമായും അംഗങ്ങളാകുന്നതിനെ ഓസ്ട്രിയ എതിര്‍ക്കുന്നതിനാലാണിത്.
ബള്‍ഗേറിയയും റൊമേനിയയും അവരുടെ കറന്‍സികള്‍ ഉടന്‍ തന്നെ യൂറോയിലേക്ക് മാറില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ഇവരും യൂറോപ്യന്‍ യൂണിയന്റെ പൊതുവായ കറന്‍സി വ്യവസ്ഥയിലേക്ക് മാറേണ്ടി വരും. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഇരു ബാള്‍ക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും. അതേസമയം അവസാനമായി ഷെങ്കനില്‍ ചേര്‍ന്ന ക്രൊയേഷ്യയെ പോലെ ഈ രാജ്യങ്ങളിലും ചെലവുകള്‍ കുത്തനെ വര്‍ധിക്കുമോ എന്ന ആശങ്ക ടൂറിസ്റ്റുകള്‍ക്കുണ്ട്.
1985-ലാണ് യൂറോപ്പില്‍ സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള്‍ ഷെങ്കന്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗമായി. ബള്‍ഗേറിയയും റൊമാനിയയും ചേരുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം 29 ആകും. അതിര്‍ത്തികളെന്ന കടമ്പകളില്ലാതെ പാസ്‌പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ വീസയുടെ പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല