സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വീസയാണ് ഷെങ്കന്‍ വീസ. ഷെങ്കന്‍ വീസയെടുക്കുന്ന ഒരു സഞ്ചാരിക്ക് ഈ പ്രദേശങ്ങളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നു. രാജ്യാതിര്‍ത്തികളിലോ മറ്റ് ഗതാഗത സംവിധാനങ്ങളിലോ യാതോരുവിധ നിയന്ത്രണങ്ങളും സഞ്ചാരികള്‍ക്ക് നേരിടേണ്ടി വരില്ല എന്നതാണ് ഷെങ്കന്‍ വീസയെ ആകര്‍ഷകമാക്കുന്നത്.
ഇപ്പോഴിതാ യൂറോപ്പിലെ രണ്ട് രാജ്യങ്ങള്‍ കൂടെ ഷെങ്കന്‍ വീസ പരിധിയിലേക്ക് വരാന്‍ പോകുകയാണ്. അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ബള്‍ഗേറിയ, റൊമേനിയ എന്നീ രാജ്യങ്ങളാണ് ഷെങ്കന്‍ പ്രദേശത്തിന്റെ ഭാഗമാവുന്നത്. ഈ രണ്ട് ബാള്‍ക്കന്‍ രാജ്യങ്ങളെ കൂടെ തങ്ങളുടെ ഭാഗമാക്കാന്‍ ഷെങ്കന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. മാര്‍ച്ച് അവസാനത്തോടെ ഈ രണ്ട് രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ഷെങ്കന്‍ വീസ സ്വീകരിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷെങ്കന്‍ അതിര്‍ത്തി വിപുലീകരിക്കുന്നതിനെ എതിര്‍ത്തിരുന്ന ഓസ്ട്രിയ അവരുടെ വീറ്റോ പിന്‍വലിച്ചതോടെയാണ് ഈ ബാള്‍ക്കന്‍ രാജ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ബള്‍ഗേറിയക്കും റൊമേനിയക്കും ഇടയിലുള്ള യൂറോപ്യന്‍ യൂണിയന് ആഭ്യന്തര വ്യോമ, സമുദ്ര അതിര്‍ത്തികളില്‍ പരിശോധനകള്‍ ഉണ്ടാകില്ല. എന്നാല്‍ കര അതിര്‍ത്തികളില്‍ പരിശോധനകള്‍ തുടരും. ഭാവിയില്‍ ഇതും ഒഴിവാക്കും.
2007 മുതല്‍ യൂറോപ്യന്‍ യൂണിയന് അംഗങ്ങളാണ് ബള്‍ഗേറിയയും റൊമേനിയയും. 2011 മുതല്‍ തന്നെ ഷെങ്കന്റെ ഭാഗമാവാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് അംഗരാജ്യങ്ങളില്‍ നിന്ന് ഈ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ചിലരാജ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു. 12 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒടുവില്‍ ഈ രാജ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഷെങ്കന്റെ ഭാഗമാവുന്നത് ഈ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയിലും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും.
ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 1985ലാണ് ഷെങ്കന്‍ രൂപീകരിക്കുന്നത്. പിന്നീട് ഒന്‍പത് തവണയായി നടന്ന വിപുലീകരണത്തിലൂടെ 27 അംഗരാജ്യങ്ങളാണ് ഇപ്പോള്‍ ഷങ്കന്‍ ഏരിയയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല