സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജപ്പാന്‍, പദ്ധതി നടത്തിപ്പ് ജപ്പാനെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണ കരാറാണ് ജപ്പാന് ലഭിക്കുക. 14,700 കോടി ഡോളര്‍ (9,70,200 കോടി രൂപ) ചെലവുവരുന്ന പദ്ധതി ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നാവും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെള്ളിയാഴ്ച ഇന്ത്യയില്‍ എത്താനിരിക്കെയാണ് പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ചൈനയെ മറികടന്ന് ജപ്പാനെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഷിന്‍സോ ആബെയുടെ സന്ദര്‍ശനവേളയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്തിന്റെ സാമ്പത്തിക കേന്ദ്രമായ അഹ്മദാബാദുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. 505 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയില്‍ നിലവില്‍ എഴ്എട്ട് മണിക്കൂര്‍ വേണ്ടിവരുന്ന യാത്രാസമയം പദ്ധതി നടപ്പായാല്‍ രണ്ടുമണിക്കൂറായി കുറയും.
ജപ്പാനിലെ ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി നേരത്തെ പദ്ധതിയുടെ സാമ്പത്തിക സാധ്യതാപഠനം നടത്തിയിരുന്നു. ചെലവിന്റെ 80 ശതമാനവും ഒരു ശതമാനത്തില്‍ താഴെ പലിശക്ക് ജപ്പാന്‍ വായ്പയായി നല്‍കും. അതിവേഗ റെയില്‍ പദ്ധതിയില്‍ ജപ്പാന്റെ അപകടരഹിത ചരിത്രം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഉപദേശകന്‍കൂടിയായ അരവിന്ദ് പനഗാരിയ അധ്യക്ഷനായ സമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഡല്‍ഹിയെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പദ്ധതിയുടെ സാധ്യത പഠനം നടത്താനുള്ള ചുമതല സെപ്റ്റംബറില്‍ ചൈനക്കു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല