അനുരാഗ് ബസുവിന്‍റെ രണ്‍ബീര്‍ കപൂര്‍ ചിത്രം “ബര്‍ഫി” കോപ്പിയടിയാണെന്ന് ആരോപണം. ലോകസിനിമയിലെ ക്ളാസിക്കുകളില്‍ നിന്ന് പകര്‍ത്തിയതാണ് ഇന്ത്യയുടെ ഓസ്കര്‍ പ്രതിനിധിയായ ബര്‍ഫിയിലെ പലരംഗങ്ങളുമെന്നാണ് ആരോപണം.
1993ല്‍ പുറത്തിറങ്ങിയ ബെന്നി ആന്റ് ജൂന്‍, 2002ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഒയാസിസ് എന്നിവയില്‍ നിന്ന് പകര്‍ത്തിയെടുത്തതാണ് ചിത്രത്തിന്‍റെ പ്രമേയം. ആദ്യരംഗം മുതല്‍ കോപ്പിയടി തുടങ്ങുന്നു. പ്രതിമച്ചുവട്ടില്‍ ഉറങ്ങുന്ന രണ്‍ബീറിന്‍റെ ബര്‍ഫിയെ പകര്‍ത്തിയത് 1931ല്‍ പുറത്തിറങ്ങിയ ചാപ്‌ളീന്‍റെ വിഖ്യാത സിനിമ സിറ്റി ലൈറ്റ്‌സില്‍ നിന്ന്. എമിലീ എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നാണ് പ്രിതം തീം സോംഗ് ഒരുക്കിയത്. സൗരഭ് ശുക്‌ളയും രണ്‍ബീറും തമ്മിലുള്ള വാതില്‍ തള്ളിയുള്ള ടോം ആന്റ് ജെറി കളി അതേ പടി കട്ടെടുത്തത് ചാര്‍ളീ ചാപ്‌ളിന്റെ ദ് അഡ്വഞ്ചറില്‍ നിന്ന്.
തീര്‍ന്നില്ല, രൂപാ ഗാംഗുലി, ഇല്യാനയ്ക്ക് തന്റെ ആദ്യ കാമുകനെ പരിചയപ്പെടുത്തുന്ന രംഗം പകര്‍ത്തിയിരിക്കുന്നത് നോട്ട് ബുക്ക് എന്ന സിനിമയില്‍ നിന്ന്. ആശുപത്രിക്കിടയിലെ ക്ളൈമാക്‌സ് രംഗവും ഇതേ സിനിമയില്‍ നിന്ന് പകര്‍ത്താന്‍ അനുരാഗ് ബസു മറന്നിട്ടില്ല. പാവയെക്കൊണ്ട് ബര്‍ഫി സൃഷ്ടിക്കുന്ന തമാശകളാകട്ടെ 1952ല്‍ പുറത്തിറങ്ങിയ സിംഗിംഗ് ഇന്‍ ദ റെയിന്‍ എന്ന ചിത്രത്തിലേത്. കാര്‍ നിര്‍ത്താനുള്ള ആണിപ്രയോഗം പകര്‍ത്തുന്നത് കികുജിറോ എന്ന എന്ന സിനിമയില്‍ നിന്ന്.കാലില്‍ ഒട്ടിപ്പോയ കടലാസുകളുമായി ഓടുന്ന സീന്‍ പകര്‍ത്തിയത് മിസ്റ്റര്‍ ബീന്‍ സീരീസിലുള്ള ബാക് ടു സ്‌കൂളില്‍ നിന്ന്. ലാഡറില്‍ രണ്‍ബീര്‍ രക്ഷപ്പെടുന്ന ഹാസ്യരംഗം. കോപ്‌സ് എന്ന ചിത്രത്തില്‍ നിന്ന്. വൈറ്റ് ക്യാറ്റ്, മിസ്റ്റര്‍ നോബഡി, മിസ്റ്റര്‍ ബീന്‍സ് ഹോളിഡേ, ദ ഗൂണീസ്, ഫ്രൈഡ് ഗ്രീന്‍ ടൊമാറ്റോസ് പകര്‍ത്തിയ രംഗങ്ങളുടെ പട്ടിക നീളുന്നു.
നിശബ്ദസിനിമാകാലത്തെ ലോസകിനിമയിലെ മഹാരഥന്‍മാര്‍ക്കുള്ള ആദരവ് എന്ന നിലയിലാണ് അവയിലെ രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നാണ് ബസു പറയുന്നത്. ചാര്‍ളി ചാപ്ളിനെ എല്ലാവര്‍ക്കും അറായാമായിരിക്കുമെങ്കിലും ബസ്റ്റര്‍ കീറ്റണെ ഇന്ത്യയില്‍ എത്രപേര്‍ക്കറിയാമെന്നും ബസു ചോദിക്കുന്നു. ശരീരം കൊണ്ടുള്ള ഒരുപാട് ഹാസ്യരംഗങ്ങള്‍ ചിത്രത്തിലുണ്ട്. അവയുടെ ഒറിജിനല്‍ ഉണ്ടാക്കുക എന്നത് വിഷമകരമായതുകൊണ്ടാണ് നിശബ്ദസിനിമാക്കാലത്തിലേക്ക് താന്‍ തിരിച്ചുപോയതെന്നും ബസു ന്യായീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല