സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളുള്ള ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തപ്പിയെത്തിയ പോലീസിന്റെ വലയിലായത് ഭവനഭേദനക്കേസിലെ പ്രതി. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഏറുമാടത്തിലായിരുന്നു വിദ്വാന്റെ താമസം. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് പിടികൂടിയത്.
അമേരിക്കയിലെ പൊമോണയിലാണ് രസകരമായ സംഭവം നടന്നത്. അനധികൃതമായി വനമേഖലയില്‍ ഏറുമാടമുണ്ടാക്കി ഒരാള്‍ താമസിക്കുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയതായിരുന്നു പൊമോണ പോലീസ്. ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഏറുമാടത്തിന്റെ സ്ഥാനം കൃത്യമായി പോലീസ് കണ്ടെത്തിയത്.
ഉയരമുള്ള മരത്തിന് മുകളിലാണ് ഏറുമാടം പണിതിരുന്നത്. ഏറുമാടത്തിനുള്ളില്‍ നിന്ന് നോക്കിയാല്‍ പ്രദേശത്തിന്റെ നല്ലൊരു കാഴ്ച തന്നെ ലഭ്യമാണ്. പലപ്രാവശ്യം ആവശ്യപ്പെട്ടതിന് ശേഷമാണ് മാര്‍ക്ക് താഴേക്കിറങ്ങാന്‍ കൂട്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പൊമോണ പോലീസ് സംഭവം ഏറുമാടത്തിന്റെ ചിത്രങ്ങള്‍ സഹിതം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
ഏപ്രില്‍ 18 ന് നടന്ന ഒരു മോഷണത്തിലെ പ്രതിയാണ് മാര്‍ക്കെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. മാര്‍ക്ക് താഴെയിറങ്ങിയയുടനെ തന്നെ പോലീസ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വനമേഖലയില്‍ പ്രവേശിക്കാന്‍ അനുവാദം ആവശ്യമായിരിക്കെയാണ് ഏറുമാടം നിര്‍മിച്ചുള്ള മാര്‍ക്കിന്റെ താമസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല