സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികമായ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പോലീസും സൈന്യവും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും സംഘടിക്കുന്നതിനും ഒന്നിച്ചു സഞ്ചരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അനന്തനാഗ് പട്ടണത്തിലും കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പുല്‍വാമ, ഷോപ്പിയാന്‍, ബാരാമുള്ള ജില്ലകളില്‍ 144 പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിച്ചു.
കഴിഞ്ഞ ജൂലൈ എട്ടിനു ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ആളിപ്പടര്‍ന്ന കലാപം നാലു മാസത്തോളം കശ്മീരിനെ യുദ്ധക്കളമാക്കിയിരുന്നു. പ്രതിഷേധങ്ങളും ബന്ദും താഴ്‌വരയുടെ സ്വസ്ഥത കെടുത്തിയപ്പോള്‍ ഏറ്റുമുട്ടലില്‍ 85 പേര്‍ കൊല്ലപ്പെട്ടു. പെല്ലറ്റ് തോക്കുകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ക്കു പരുക്കേറ്റത് വന്‍ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല