സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ പുതുവത്സരം തനിക്കൊരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് ബാബുരാജ് പറയുന്നു.
ദൈവ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുരാജ് വ്യക്തമാക്കി. പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന ബാബുരാജ് ഒരു മണിക്കൂറോളമാണ് ജീവനും കൊണ്ട് ഓടിയത്. കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് താരം പറഞ്ഞു.
തീ വിഴുങ്ങിയ ഹോട്ടലില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും ഓര്‍മ കിട്ടാത്ത പോലൊരു അവസ്ഥയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. സഹപ്രവര്‍ത്തകരാണ് തീ പടര്‍ന്ന വിവരം താഴെ നിന്നും പറഞ്ഞത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ബാബുരാജ് ദുബായില്‍ എത്തുന്നത്. പ്രശസ്തമായ ബുര്‍ജ് ഖലീഫയിലെ പുതുവത്സര പരിപാടി ക്യാമറയില്‍ പകര്‍ത്താന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു തീ പടര്‍ന്നത്.
കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്നു. ദേഹത്തുള്ള വസ്ത്രമല്ലാതെ വേറൊന്നും കയ്യിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പാസ്‌പോര്‍ട്ടും ഫോണുമൊക്കെ നഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. ഭയന്നു വിറച്ച എഴുപതുകാരനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും ചുമന്നായിരുന്നു ബാബുരാജ് 15 മത്തെ നിലയില്‍ നിന്നും താഴേക്ക് ഓടിയത്.
നടുറോഡില്‍ ഉറങ്ങേണ്ടി വന്നതും ബാബുരാജ് ഒരു ഞെട്ടലോടെ ഓര്‍ക്കുന്നു. പുതുവര്‍ഷത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലില്‍ തീപടരുന്നത്. സംഭവത്തില്‍ ഇരുപത്തിയഞ്ചു പേരോളം പൊള്ളലേറ്റ് ആശുപത്രിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല