സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദുബായിയുടെ ആകാശം മാത്രം ബാക്ക്ഗൗണ്ടില്‍ നില്‍ക്കെ എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റിസ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയാണ് ആഗോള തലത്തില്‍ വന്‍ പ്രചാരം നേടിയത്.
സ്‌കൈ ഡൈവിംഗ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യ ചിത്രത്തില്‍ എയര്‍ ഹോസ്റ്റസായി അഭിനയിച്ചിട്ടുള്ളത്. 828 മീറ്റര്‍ അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന്, എമിറേറ്റ്സിന്റെ പരമ്പരാഗത കാബിന്‍ ക്രൂ വേഷം അണിഞ്ഞെത്തിയ ഇവര്‍ ‘ലോകത്തിന്റെ മുകളില്‍ ഫ്ളൈ എമിറേറ്റ്സ്’ എന്ന സന്ദേശം പ്ലക്കാര്‍ഡിലൂടെ പങ്കുവച്ചത്.
ബുര്‍ജ് ഖലീഫയുടെ 160-ാമത്തെ നിലയില്‍ നിന്ന് ഒരു മണിക്കൂര്‍ നേരം കോണിപ്പടികള്‍ കയറിയാണ് അവര്‍ മുകളിലെത്തിയത്. ഇവര്‍ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രം ഹെലികോപ്റ്ററില്‍ നിന്നാണ് ചിത്രീകരിച്ചത്. യുഎഇയിലെ ആംബര്‍ പട്ടികയിലേക്ക് മാറ്റിയതോടെ ബ്രിട്ടന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത് ആഘോഷിക്കുന്നതാണ് പരസ്യ ചിത്രം. ആംബര്‍ പട്ടികയിലേക്ക് മാറിയതോടെ ലോകത്തിന്റെ നെറുകയിലെത്തിയത് പോലെ തോന്നുന്നുവെന്ന പ്ലക്കാര്‍ഡിനൊപ്പം, ഫ്‌ളൈ എമിറേറ്റ്‌സ്, ഫ്‌ളൈ ബെറ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എമിറേറ്റ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പരസ്യ വീഡിയോ മിനുട്ടുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാല്‍ പരസ്യ വീഡിയോയില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നില്‍ക്കുന്നത് ഒറിജിനലാണോ അതോ വ്യാജോമാണോ എന്ന സംശയവുമായി ആളുകള്‍ രംഗത്തെത്തി. ഗ്രീന്‍സ്‌ക്രീന്‍ പോലുള്ള ഏതെങ്കിലും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വ്യാജമായി ഉണ്ടാക്കിയതാണോ ഇതെന്ന സംശയവും പലരും ഉന്നയിച്ചു.
തുടര്‍ന്ന് പരസ്യചിത്രം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് കാണിക്കുന്ന ബിഹൈന്‍ഡ് സീന്‍ വീഡിയോയും എയര്‍ലൈന്‍സ് പുറത്തുവിട്ടു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ എങ്ങനെ നില്‍ക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ഈ വീഡിയോയിലുണ്ട്. കെട്ടിടത്തിന്റെ മുകളിലല്‍ നിന്ന് കാല്‍ തെറ്റികുയോ മറ്റോ ചെയ്താല്‍ താഴെ വീഴാതിരിക്കുന്നതിന് അവരുടെ അരക്കെട്ടില്‍ കൊളുത്തിടുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല