സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനാഘോഷം, ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാക ചുറ്റി. അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞു. യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞത്.
ഉയരം കാരണം കെട്ടിടം വിദൂരത്തുപോലും ദൃശ്യമാകുന്നതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നര്‍ക്കടക്കം കൗതുക കാഴ്ച കാണാന്‍ കഴിഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും ഷോ കാണാന്‍ കൂടുതല്‍ പേരെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ബുര്‍ജ് ഖലീഫ് ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞ് സുന്ദരിയാകുന്നത്.
രണ്ട് ദിവസവും വൈാകിട്ട് 6.15, 7.15, 8.15 എന്നീ സമയങ്ങളിലാണ് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം എല്‍ഇഡി വെളിച്ചമുപയോഗിച്ച് ബുര്‍ജ് ഖലീഫയില്‍ പതിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ ദുബായ് ഫൗണ്ടെയിനില്‍ എല്‍ഇഡി ഷോയും അരങ്ങേറും.
അബുദാവി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമയത്താണ് ഇന്ത്യയോട് ആദരവ് കാണിക്കുന്ന യുഎഇയുടെ നീക്കം.
മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിയുന്നത് ഇതാദ്യമായാണ്. ഡൗണ്‍ടൗണില്‍ സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ (2,716.5 അടി) ഉയരമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല