സ്വന്തം ലേഖകൻ: കൊവിഡ് തീർത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതീക്ഷാനിർഭരമായൊരു പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ദുബൈയിലെ ബുർജ്ഖലീഫ. 2021 പുതുവത്സരാഘോഷം ഗംഭീര വെടിക്കെട്ടുകൾ തീർത്തും ലൈറ്റ് ആൻഡ് ലേസർ ഷോയും ഒരുക്കിയും ആഘോഷിക്കുമെന്ന് ബുർജ് ഖലീഫ ഡെവലപ്പർ എമാർ പ്രഖ്യാപിച്ചു.
എല്ലാ സന്ദർശകരുടെയും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി മാത്രം നടത്തുന്ന പുതുവത്സരാഘോഷം, ദുബൈ സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചു മാത്രമാണ് സംഘടിപ്പിക്കുന്നത്. കവാടങ്ങളിൽ തെർമൽ കാമറകൾ, സാമൂഹിക അകലം, സമ്പർക്കരഹിത പേമെൻറുകൾ, അണുമുക്തമാക്കൽ ഉൾപ്പെടെ എല്ലാ പ്രതിരോധ നടപടികളും കൈക്കൊള്ളുമെന്ന് എമാർ വ്യക്തമാക്കി.
ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവത്സര ആഘോഷരാവ് ആഗോളതലത്തിൽ പ്രാദേശിക സമയം രാത്രി 8.30 മുതൽ mydubainewyear.com സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും. ”ലോകോത്തര അനുഭവങ്ങൾ കൈമാറുന്നത് എമാറിെൻറ ഡി.എൻ.എയുടെ ഭാഗമാണ്. ഈ വർഷം അതിലും വലിയ ഗാല ഇവൻറാണ് ഞങ്ങൾ സമ്മാനിക്കുന്നത്. ലോകം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. എങ്കിലും ഞങ്ങൾ ഐക്യത്തിലാണ് പ്രതീക്ഷയുടെയും സന്തോഷത്തിെൻറയും പ്രത്യാശനിർഭരമായൊരു ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നത്” -ഡൗൺടൗൺ ദുബൈയിലെ പുതുവത്സരാഘോഷത്തെക്കുറിച്ച് എമാറിെൻറ സ്ഥാപകനായ മുഹമ്മദ് അലബ്ബർ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബൈ മാൾ ടെറസ് എന്നിവിടങ്ങളിലെ റസ്റ്റാറൻറുകളും ഹോട്ടലുകളും പുതുവത്സരാഘോഷ വേളയിൽ സജീവമാകും. ആഘോഷങ്ങൾക്കായി ബുക്കിങ് തുടങ്ങിയതായും എമാർ അറിയിച്ചു. ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാനും വലിയ സ്‌ക്രീനിൽ ലോകമെമ്പാടുമുള്ള പുതുവത്സരാഘോഷ പരിപാടികൾ കാണുന്നതിനും ബുർജ് പാർക്ക് കുടുംബങ്ങളെ ക്ഷണിക്കുന്നതായും എമാർ ഗ്രൂപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല