സ്വന്തം ലേഖകന്‍: മധ്യ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടു. മൂന്നാം തവണയും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനുള്ള നിലവിലുള്ള പ്രസിഡന്റ് പിയറി കുരുന്‍സിസ നീക്കം തടയുന്നതിനായിരുന്നു പട്ടാളത്തിലെ ചില വിമത നേതാക്കള്‍ ചേര്‍ന്ന് അട്ടിമറി ആസൂത്രണം ചെയ്തത്.
അട്ടിമറി ശ്രമത്തെ തുടര്‍ന്ന് രാജ്യം വിട്ട പ്രസിഡന്റ് പിയറി കുരുന്‍സിസ രാജ്യത്ത് മടങ്ങിയെത്തിയതായാണ് സൂചന. അട്ടിമറിക്ക് നേതൃത്വം നല്‍കിയ മൂന്ന് വിമത സൈനിക നേതാക്കളെ സൈന്യം പിടികൂടിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍,? മുഖ്യ സൂത്രധാരന്‍ മേജര്‍ ജനറല്‍ ഗോഡി ഫ്രോയിഡിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ടാന്‍സാനിയയിലേക്ക് പലായനം ചെയ്ത പ്രസിഡന്റ് പിയറി ഇന്ന് രാജ്യത്ത് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ സുരക്ഷാ അകമ്പടിയോടെ എത്തിയ? അദ്ദേഹം തലസ്ഥാനമായ ബുജുംബുരയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് പോകാതെ ഗോസിയിലെ സ്വവസതിയിലേക്ക് പോകുകയായിരുന്നു.
കൊടിതോരണങ്ങളും നൃത്തവുമായി അനുയായികള്‍ അദ്ദേഹത്തിന് വന്‍ വരവേല്‍പ്പ് നല്‍കിയെന്നും വാര്‍ത്തയില്‍ പറയുന്നു. പിയറി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. ലോകത്തെ രണ്ടാമത്തെ ദരിദ്ര രാഷ്ട്രമായ ബറുണ്ടിയില്‍ ഏപ്രില്‍ 26 മുതലാണ് അക്രമങ്ങള്‍ ആരംഭിച്ചത്.
സംഘര്‍ഷത്തില്‍ ഇതുവരെ 25 പേര്‍ കൊല്ലപ്പെട്ടു. 105,000 പേര്‍ ടാന്‍സാനിയ,? റുവാണ്ട,? കോംഗോ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല